മെല്‍ബണില്‍ ഇന്ത്യ 326ന് പുറത്ത്, ലീഡ്; രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടം
ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (112) റണ്ണൗട്ടായതോടെ ആഥിയേര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. രവീന്ദ്ര ജഡേജ 57 റണ്‍സെടുത്തു. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 131 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ സ്‌കോറായ 195നെതിരെ ഇന്ത്യ 326ന് പുറത്തായി. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (112) റണ്ണൗട്ടായതോടെ ആഥിയേര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. രവീന്ദ്ര ജഡേജ 57 റണ്‍സെടുത്തു. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രരണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റണ്‍സെടുത്ത ജോ ബേണ്‍സാണ് മടങ്ങിയത്.
വീണ്ടും അനാവശ്യ റണ്ണൗട്ട്
അഞ്ചിന് 277 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ആരംഭിച്ചത്. 200 റണ്‍സില്‍ കുറയാത്ത ലീഡെങ്കിലും ടീം ഇന്ത്യ മനസില്‍ കണ്ടുകാണും. എന്നാല്‍ എല്ലാം മാറ്റിമറിച്ചത് ഇല്ലാത്ത റണ്‍സിനോട് വിക്കറ്റ് തുലച്ചത്. ഒരറ്റത്ത് പാറ പോലെ ഉറച്ചിനിന്നിരുന്ന രഹാനെയുടെ റണ്ണൗട്ട് തന്നെയാണ് ഇന്നിങ്‌സില്‍ വഴിത്തിരിവായത്. അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി റണ്ണൗട്ടായത് പോലെയാണ് രഹാനെയും വീണത്. കോലിയുടെ വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യക്കുണ്ടായിരുന്ന ആധിപത്യം നഷ്ടമാവുകയായിരുന്നു. നന്നായി കളിച്ചുകൊണ്ടിരിക്കെ രഹാനെ മടങ്ങിയത് ഇവിടെയും തിരിച്ചടിയായി. ലബുഷാനെയുടെ പന്ത് സ്വീകരിച്ച വിക്കറ്റ് ടിം പെയ്ന്‍ ബെയ്ല്‍സ് ഇളക്കുകയായിരുന്നു. 222 പന്തില്‍ 12 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് രാഹനെ 112 റണ്‍സ് നേടിയത്. ജഡേജയുമായി ചേര്‍ന്ന് വിലപ്പെട്ട 119 റണ്‍സിന്റെ കൂട്ടുകെട്ടാണ് രഹാനെ ഉണ്ടാക്കിയത്. താരത്തിന്റെ 12ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നിത്.
പിന്നീടെല്ലാം ചടങ്ങ് പോലെ
ക്യാപ്റ്റന്‍ പോയതോടെ ഇന്ത്യയുടെ വാലറ്റത്തിന് പിടിച്ചുനില്‍ക്കാനായില്ല. മൂന്നാം ദിനം ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ കേവലം 49 റണ്‍സിനാണ് നഷ്്മായത്. ജഡേജയും ക്യാപ്റ്റന് പിന്നാലെ മടങ്ങി. ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ 57 റണ്‍സ് നിര്‍ണായകമായി. 159 പന്തുകള്‍ നേരിട്ട താരം മൂന്ന് ബൗണ്ടറികളുടെ സഹായത്തോടെയാണ് ഇത്രയും റണ്‍സെടുത്തത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ കമ്മിന്‍സ് ക്യാച്ച് നല്‍കിയാണ് ജഡേജ മടങ്ങിയത്. 9 റണ്‍സെടുത്ത ഉമേഷ് യാദവ് ലിയോണിന്റെ പന്തില്‍ സ്മിത്തിന് ക്യാച്ച് നല്‍കി. ആര്‍ അശ്വിന്‍ (14) ഹേസല്‍വുഡിന്റെ പന്തില്‍ ലിയോണിന് ക്യാച്ച് നല്‍കി. ജസ്പ്രീത് ബുമ്ര നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. ലിയോണിനായിരുന്നു വിക്കറ്റ്. മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു. ഓസീസ് ബൗളര്‍മാരില്‍ ലിയോണ്‍, സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് പുറമെ കമ്മിന്‍സ് രണ്ടും ഹേസല്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി.
ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടം
രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റണ്‍സെടുത്ത ജോ ബേണ്‍സാണ് മടങ്ങിയത്. ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു. നാല് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ആദ്യ ഇന്നിങ്‌സില്‍ താരത്തിന് റണ്‍സൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. മാത്യൂ വെയ്ഡ് (5), മര്‍നസ് ലബുഷാനെ (4) എന്നിവരാണ് ക്രീസില്‍. 13 റണ്‍സാണ് സ്കോര്‍ ബോര്‍ഡിലുള്ളത്.
രണ്ടാം ദിനം നഷ്ടമായത് നാല് വിക്കറ്റുകള്‍
ഒന്നിന് 36 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ആരംഭിച്ചത്. രണ്ടാംദിനം തുടങ്ങി ആദ്യ രണ്ട് സെഷന്‍ പിന്നിടുമ്പോല്‍ ശുഭ്മാന്‍ ഗില്‍ (45), ചേതേശ്വര്‍ പൂജാര (17), ഹനുമ വിഹാരി (21), ഋഷഭ് പന്ത് (29) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഇന്നലെ മായങ്ക് അഗര്‍വാള്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങിയിരുന്നു. തലേദിവസത്തെ സ്‌കോറിനോട് 25 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നന്നായി കളിക്കുകയായിരുന്ന ഗില്ലാണ് ആദ്യം മടങ്ങിയത്. എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പര്‍ ടിം പെയ്ന്‍ അനായാസം കയ്യിലൊതുക്കി. എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു അരങ്ങേറ്റക്കാരന്റെ ഇന്നിങ്സ്.
കമ്മിന്‍സിന്റെ തൊട്ടടുത്ത ഓവറില്‍ പൂജാരയും മടങ്ങി. പെയ്നിന്റെ തകര്‍പ്പന്‍ ക്യാച്ചാണ് ഇന്ത്യയുടെ വിശ്വസ്ത താരത്തിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. പൂജാരയുടെ ബാറ്റിലുരസിയ പന്ത് വലത്തോട്ട് ഡൈവ് ചെയ്ത് പെയ്ന്‍ മനോഹരമായി പിടിച്ചെടുത്തു. വിഹാരി പ്രതീക്ഷ നല്‍കുന്ന രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ നതാന്‍ ലിയോണിന്റെ പന്തില്‍ താരം പുറത്തായി. പിന്നീടെത്തിയ പന്തും മോഹിപ്പിച്ചാണ് മടങ്ങിയത്. ക്യാപ്റ്റനൊപ്പം 57 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ പന്തിനായി. എന്നാല്‍ തുടക്കം മുതലാക്കാന്‍ പന്തിനും ആയില്ല. സ്റ്റാര്‍ക്കിന്റെ പന്തില്‍ പെയ്നിന് ക്യാച്ച് നല്‍കി മടങ്ങി. നേരത്തെ ഇന്ത്യന്‍ ഇന്നിങ്സിലെ ആദ്യ ഓവറില്‍ തന്നെ മായങ്ക് മടങ്ങിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു മായങ്ക്.
ഓസീസിനെ ഒതുക്കിയത് ബൗളര്‍മാരുടെ ഓള്‍റൗണ്ട് പ്രകടനം
ഇന്ത്യന്‍ ബൗളര്‍മാരുടെ ഓള്‍റൗണ്ട് പ്രകടനമാണ് ഓസീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ജസ്പ്രീത് ബുമ്ര നാലും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടി. അരങ്ങേറ്റക്കാന്‍ മുഹമ്മദ് സിറാജ് രണ്ട് പേരെ പുറത്താക്കിയപ്പോള്‍ ശേഷിക്കുന്ന ഒരു വിക്കറ്റ് രവീന്ദ്ര ജഡേജ സ്വന്തമാക്കി. 48 റണ്‍സ് നേടിയ മര്‍നസ് ലബുഷാനെയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ട്രാവിസ് ഹെഡ് (38), മാത്യു വെയ്ഡ് (30), നതാന്‍ ലിയോണ്‍ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.