പ്രതിരോധം പാളി, ചീട്ടുകൊട്ടാരം പോലെ വീണ് ഇന്ത്യ! കിവീസിനെതിരെ മുംബൈ ടെസ്റ്റിലും തകര്‍ച്ച
മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മ (18) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹിത് മടങ്ങി.
മുംബൈ: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം. ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 235നെതിരെ ഇന്ത്യ ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ നാലിന് 86 എന്ന നിലയിലാണ്. ശുഭ്മാന്‍ ഗില്‍ (31), റിഷഭ് പന്ത് (1) എന്നിവരാണ് ക്രീസില്‍. കിവീസിന് വേണ്ടി അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു. മാറ്റ് ഹെന്റിക്ക് ഒരു വിക്കറ്റുണ്ട്. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റ് വീഴ്ത്തി. ഒന്നാം ദിനം തന്നെ കുത്തിത്തിരിഞ്ഞ പിച്ചില്‍ കിവീസ് ബാറ്റര്‍മാര്‍ നന്നായി ബുദ്ധിമുട്ടി. ഡാരില്‍ മിച്ചല്‍ (82), വില്‍ യംഗ് (71) എന്നിവരാണ് ന്യൂസിലന്‍ഡിനെ സാമാന്യം ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മ (18) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹിത് മടങ്ങി. ഹെന്റിയുടെ പന്തില്‍ സ്ലിപ്പില്‍ ടോം ലാഥത്തിന് ക്യാച്ച്. തുടര്‍ന്ന് ക്രീസിലെത്തിയ ഗില്‍, യശസ്വി ജയ്സ്വാളിനെ (30) കൂട്ടുപിടിച്ച് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി. 53 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ അജാസ് പട്ടേല്‍ ബ്രേക്ക് ത്രൂ നല്‍കി. ജയസ്വാളിനെ ബൗള്‍ഡാക്കുകയായിരുന്നു താരം. പിന്നീട് ക്രീസിലെത്തിയത് നൈറ്റ് വാച്ച്മാന്‍ മുഹമ്മദ് സിറാജ്. നേരിട്ട ആദ്യ പന്തില്‍ തന്നെ സിറാജ് (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മാത്രമല്ല, റിവ്യൂ നഷ്ടപ്പെടുത്തുകയും ചെയ്തു. അഞ്ചാമനായി വന്ന വിരാട് കോലി അനാവശ്യ റണ്ണിനോട് റണ്ണൗട്ടായി. നാല് റണ്‍സ് മാത്രമെടുത്ത താരം ഹെന്റിയുടെ നേരിട്ടുള്ള ഏറില്‍ പുറത്താവുകയായിരുന്നു. ആദ്യ ദിവസത്തെ അവസാന ഓവറിലാണ് കോലി മടങ്ങുന്നത്. പിന്നീട് റിഷഭ് പന്ത് - ഗില്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു.
ആദ്യ ദിനം ടോസ് നേടി ക്രീസിലിറങ്ങിയ കിവീസ് ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലായിരുന്നു. ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലെത്തിയ കിവീസിന് നാലാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ഫോമിലുള്ള ഡെവോണ്‍ കോണ്‍വെയെ(4) ആകാശ് ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. എന്നാല്‍ പിന്നീട് വന്ന വില്‍ യങ് ക്യാപ്റ്റന്‍ ടോം ലാഥമിനൊപ്പം പിടിച്ചു നിന്നതോടെ ഇന്ത്യ തുടക്കത്തിലെ അശ്വിനെ പന്തേല്‍പ്പിച്ചു. അശ്വിന്റെ പന്തുകളെ ആത്മവിശ്വാസത്തടെ നേരിട്ട യങും ലാഥമും കിവീസ് സ്‌കോര്‍ 50 കടത്തി.
പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറെ പന്തേല്‍പ്പിക്കാനുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം വൈകാതെ ഫലം കണ്ടു. 28 റണ്‍സെടുത്ത ലാഥമിനെ മനോഹരമായൊരു പന്തിലൂടെ സുന്ദര്‍ ബൗള്‍ഡാക്കി. ബെംഗളൂരു ടെസ്റ്റില്‍ സെഞ്ചുറി നേടിയ രചിന്‍ രവീന്ദ്രയായിരുന്നു സുന്ദറിന്റെ അടുത്ത ഇര. ലാഥമിനെ ബൗള്‍ഡാക്കിയ പന്തിന്റെ റീപ്ലേ പോലെയുള്ള മറ്റൊരു പന്തിലൂടെ രചിന്‍ രവീന്ദ്രയെ സുന്ദര്‍ ബൗള്‍ഡാക്കിയതോടെ കീവിസ് ഞെട്ടി. അഞ്ച് റണ്‍സായിരുന്നു രചിന്‍ രവീന്ദ്രയുടെ സംഭാവന.
തുടര്‍ന്ന് യംഗ് - മിച്ചല്‍ സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. ജഡേജയാണ് കൂട്ടുകെട്ട് പൊളിച്ചത്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു യംഗിന്റെ ഇന്നിംഗ്‌സ്. മത്സരത്തില്‍ ജഡേജയുടെ ആദ്യ വിക്കറ്റ് കൂടിയായിരുന്നു അത്. പിന്നീടെത്തിയ ടോം ബ്ലണ്ടല്‍ (0), ഗ്ലെന്‍ ഫിലിപ്‌സ് (17), ഇഷ് സോധി (7), മാറ്റ് ഹെന്റി (0) എന്നിവരെല്ലാം ജഡേജയ്ക്ക് മുന്നില്‍ കീടങ്ങി. അജാസ് പട്ടേലിനെ (7) വാഷിംഗ്ടണ്‍ മടക്കി. ഇതിനിനെ മിച്ചലിനേയും വാഷിംഗ്ടണ്‍ മടക്കിയിരുന്നു. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗ്‌സ്. വില്യം ഒറൗര്‍ക്കെ (1) പുറത്താവാതെ നിന്നു.
പൂനെ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഒരേയൊരു മാറ്റം മാത്രമാണ് ഇന്ത്യ ഇന്ന് വരുത്തിയത്. ബുമ്രക്ക് പകരം പേസര്‍ മുഹമ്മദ് സിറാജ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. പൂനെയിലെ വിജയശില്‍പിയായ മിച്ചല്‍ സാന്റ്‌നര്‍ പരിക്കുമൂലം വിട്ടു നിന്നു. ഇഷ് സോധി ടീമിലെത്തി. ടിം സൗത്തിക്ക് പകരം ആദ്യ ടെസ്റ്റിലെ ഹീറോ മാറ്റ് ഹെന്റിയും കിവീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി.