ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോൽവി, ഗൗതം ഗംഭീറിനും സെലക്ഷൻ കമ്മിറ്റിക്കുമെതിരെ കടുത്ത നടപടിക്കൊരുങ്ങി ബിസിസിഐ
ആദ്യ രണ്ട് ടെസ്റ്റിലും സ്പിന്നിന് മുന്നില്‍ മുട്ടുമടക്കിയിട്ടും മൂന്നാം ടെസ്റ്റിലും റാങ്ക് ടേണര്‍ ആവശ്യപ്പെട്ടതും ചോദ്യം ചെയ്യപ്പെടുന്നു. എന്തുസംഭവിച്ചാലും ആക്രമിച്ചു കളിക്കുക എന്ന ഗംഭീറിന്‍റെ ശൈലിക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ കോച്ച് ഗൗതം ഗംഭീറിനും അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്കുമെതിരെ ബിസിസിഐ കടുത്ത നടപടിക്ക് ഒരുക്കം കൂട്ടുന്നതായി റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ മികവ് കാട്ടിയില്ലെങ്കില്‍ മുഖ്യപരിശീലകനെന്ന നിലയില്‍ ഗംഭീറിന് ടീം സെലക്ഷനിലുള്ള അധികാരങ്ങള്‍ വരെ വെട്ടിക്കുറക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.
തന്‍റെ മുന്‍ഗാമികളായ രവി ശാസ്ത്രിയില്‍ നിന്നും രാഹുല്‍ ദ്രാവിഡില്‍ നിന്നും വ്യത്യസ്തമായി സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഗംഭീറിനെ ബിസിസിഐ അനുവദിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഗംഭീറിനെ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുപ്പിച്ചത്. ഗംഭീറിന്‍റെ നിര്‍ദേശപ്രകാരമാണ് പേസര്‍ ഹര്‍ഷിത് റാണയെയും ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെയും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലെടുത്തത്. ഹര്‍ഷിത് റാണയെ ടീമിലെടുത്തങ്കിലും ഓസ്ട്രേലിയ എക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റിന് അയക്കാതെ ഇന്ത്യയില്‍ രഞ്ജി ട്രോഫിയിലും ബെംഗളൂരുവില്‍ ഇന്ത്യൻ ടീമിനായി നെറ്റ്സിലും പന്തെറിയാനാണ് നിയോഗിച്ചത്.
ഓസ്ട്രേലിയ എ ടീമിനെതിരായ ആദ്യ ടെസ്റ്റില്‍ കളിച്ച നിതീഷ് റെഡ്ഡിയാകട്ടെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കെതിരെ പതറുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഓസ്ട്രേലിയയിലും ഇന്ത്യ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ ടീം സെലക്ഷനില്‍ ഗൗതം ഗംഭീറിന് നിലവിലുള്ള പരിഗണനകള്‍ ബിസിസിഐ വെട്ടിക്കുറക്കും. ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റെടുത്തശേഷം ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ 27 വര്‍ഷത്തിനുശേഷം തോറ്റ ഇന്ത്യ ഇപ്പോള്‍ നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ 0-3ന് തോറ്റതിന്‍റെ നാണക്കേടും തലയിലാക്കി.
ടീം സെലക്ഷന് പുറമെ ഗംഭീറിന്‍റെ തന്ത്രങ്ങളും ചോദ്യം ചെയ്യപ്പെടുകയാണ്. മുംബൈ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ മുഹമ്മദ് സിറാജിനെ നൈറ്റ് വാച്ച്‌മാനായി ഇറക്കിയതും സര്‍ഫറാസ് ഖാനെ എട്ടാമനായി ബാറ്റിംഗിന് ഇറക്കിയതുമായിരുന്നു ഇതില്‍ അവസാനത്തേത്. ഇതിനെല്ലാം പുറമെ ആദ്യ രണ്ട് ടെസ്റ്റിലും സ്പിന്നിന് മുന്നില്‍ മുട്ടുമടക്കിയിട്ടും മൂന്നാം ടെസ്റ്റിലും റാങ്ക് ടേണര്‍ ആവശ്യപ്പെട്ടതും ചോദ്യം ചെയ്യപ്പെടുന്നു. എന്തുസംഭവിച്ചാലും ആക്രമിച്ചു കളിക്കുക എന്ന ഗംഭീറിന്‍റെ ശൈലിക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.
അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. ഗംഭീര്‍ നിര്‍ദേശിക്കുന്ന കളിക്കാരെ ടീമിലെടുക്കുക എന്നതില്‍ കവിഞ്ഞ് സെലക്ഷന്‍ കമ്മിറ്റിക്ക് മറ്റ് ഉത്തരവാദിത്തങ്ങളല്ലെന്നാണ് വിമര്‍ശനം. ടി20യിലെ പ്രകടന മികവിന്‍റെ പേരില്‍ മാത്രം ടെസ്റ്റ് ടീമിലേക്ക് താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതാണ് ഇപ്പോഴത്തെ നാണംകെട്ട തോല്‍വിക്ക് കാരണമെന്നാണ് മറ്റൊരു വിമര്‍ശനം. നിതീഷ് റെഡ്ഡിയും ഹര്‍ഷിത് റാണയുമെല്ലാം ഇതിന് ഉദാഹരണമാണ്. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനം രോഹിത് ശര്‍മക്കും വിരാച് കോലിക്കും മാത്രമല്ല ഗംഭീറിനും അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിക്കും ഒരുപോലെ നിര്‍ണായകമാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക