ടി20 ലോകകപ്പ്: ഗ്രൂപ്പ് ഒന്നിൽ സെമി ഉറപ്പിച്ചവർ ആരുമില്ല; ഇംഗ്ലണ്ടിനും വിന്‍ഡീസിനും ഇനി മരണക്കളി
സൂപ്പര്‍ എട്ടില്‍ രണ്ട് ഗ്രൂപ്പുകളിലായി കളിക്കുന്ന എട്ടു ടീമുകളില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന നാലു ടീമുകളാണ് സെമിയിലെത്തുക.
ബാര്‍ബഡോസ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ രണ്ടാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ഗ്രൂപ്പുകളില്‍ നിന്നുമായി ഇതുവരെ സെമി ഉറപ്പിച്ചുവെന്ന് പറയാവുന്നത് ഇന്ത്യ മാത്രമാണ്. ടൂര്‍ണമെന്‍റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഇന്ത്യ സൂപ്പര്‍ 8ലെ ആദ്യ രണ്ട് കളികളും വൻ മാര്‍ജിനില്‍ ജയിച്ച് മികച്ച നെറ്റ് റണ്‍റേറ്റോടെയാണ് സെമി ടിക്കറ്റ് ഉറപ്പിച്ചത്. ഇന്ത്യയെപ്പോലെ സൂപ്പര്‍ 8ലെ ആദ്യ രണ്ട് കളികളും ജയിച്ചെങ്കിലും നെറ്റ് റണ്‍റേറ്റ് എന്ന ഭീഷണിയുള്ളതിനാല്‍ ദക്ഷിണാഫ്രിക്കക്ക് ഇതുവരെ സെമി ടിക്കറ്റ് ഉറപ്പായിട്ടില്ല. മുന്‍ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകൾക്കകാട്ടെ അവസാന മത്സരം ജീവന്‍മരണപ്പോരാട്ടമാണ്. അട്ടിമറി വീരന്‍മാരായ അഫഅഗാനിസ്ഥാനാകട്ടെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്താല്‍ സെമിയിലെത്താമെന്ന പ്രതീക്ഷയിലുമാണ്.
സൂപ്പര്‍ എട്ടില്‍ രണ്ട് ഗ്രൂപ്പുകളിലായി കളിക്കുന്ന എട്ടു ടീമുകളില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന നാലു ടീമുകളാണ് സെമിയിലെത്തുക. ഇതില്‍ ഗ്രൂപ്പ് ഒന്നിലെ സെമി സാധ്യതകള്‍ എങ്ങനെയെന്ന് നോക്കാം. രണ്ട് കളിയും ജയിച്ച ദക്ഷിണാഫ്രിക്ക നാലു പോയന്‍റും +0.625 നെറ്റ് റണ്‍റേറ്റുമായി സെമി യിലേക്ക് ഒരു കാൽവെച്ചിട്ടുണ്ടെങ്കിലും രണ്ട് കളികളില്‍ രണ്ട് പോയന്‍റ് വീതമുള്ള ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും അവസാന മത്സരങ്ങളില്‍ വൻ മാര്‍ജിനില്‍ ജയിച്ചാല്‍ ദക്ഷിണാഫ്രിക്ക സെമിയിലെത്താതെ പുറത്താവാനുള്ള സാധ്യത ഇപ്പോഴുമുണ്ട്. രണ്ട് കളികളും തോറ്റ അമേരിക്കയുടെ സെമി സാധ്യത ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു.
അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന് അമേരിക്കയാണ് എതിരാളികള്‍ എന്നത് ആശ്വാസമാണ്. വെസ്റ്റ് ഇന്‍ഡീസിനാകട്ടെ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ഇന്ന് നടക്കുന്ന മത്സരത്തില്‍ അമേരിക്കക്കെതിരെ ഇംഗ്ലണ്ടിന് വന്‍മാര്‍ജിനിലുള്ള ജയം നേടിയാലെ നെറ്റ് റണ്‍റേറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെയും ദക്ഷിണാഫ്രിക്കയെയും മറികടക്കാനാകു. വെസ്റ്റ് ഇന്‍ഡീസിന്+1.814 നെറ്റ് റണ്‍റേറ്റുള്ളപ്പോള്‍ ഇംഗ്ലണ്ടിന്‍റെ നെറ്റ് റണ്‍ റേറ്റ് +0.412 ആണ്.
ടി20 ലോകകപ്പ് ചരിത്രത്തിലാദ്യം, മറ്റൊരു ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ ഹാട്രിക്കുമായി പാറ്റ് കമിന്‍സ്
അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വിന്‍ഡീസിനോട് കനത്ത തോല്‍വി വഴങ്ങുകയും ഇംഗ്ലണ്ട് അമേരിക്കയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കുകയു ചെയ്താല്‍ ദക്ഷിണാഫ്രിക്കയെ നെറ്റ് റണ്‍റേറ്റില്‍ +0.625 പിന്നിലാക്കി വിന്‍ഡീസും ഇംഗ്ലണ്ടും സെമിയിലെത്തും. ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെ തോല്‍പ്പിക്കുകയും ഇംഗ്ലണ്ട് അമേരിക്കയെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും സെമി കളിക്കും. അമേരിക്ക ഇംഗ്ലണ്ടിനെയും ദക്ഷിണാപഫ്രിക്ക വിന്‍ഡീസിനെയും തോല്‍പ്പിച്ചാൽ ഇംഗ്ലണ്ടിനും വിന്‍ഡീസിനും അമേരിക്കക്കും രണ്ട് പോയന്‍റ് വീതമാകും. ഈ സാഹചര്യത്തിലും നെറ്റ് റണ്‍റേറ്റാവും സെമിയിലെത്തുന്ന രണ്ടാമത്തെ ടീമിനെ തീരുമാനിക്കുക. ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ടിനാണ് ഇംഗ്ലണ്ട്-അമേരിക്ക പോരാട്ടം. വെസ്റ്റ് ഇന്‍ഡീസ്-ദക്ഷിണാഫ്രിക്ക പോരാട്ടം നാളെ രാവിലെ ആറിന് തുടങ്ങും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക