'എന്‍റെ പിഴ, ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും തിളങ്ങാനായില്ല', കുറ്റസമ്മതം നടത്തി രോഹിത് ശർമ
വ്യക്തിപരമായി എന്‍റെ ക്യാപ്റ്റന്‍സിലും ബാറ്റിംഗിലും തിളങ്ങാന്‍ എനിക്കായില്ല. അതുകൊണ്ട് തന്നെ ഈ തോല്‍വിയുടെ ഉത്തരവാദിത്തം ഞാനേറ്റെടുക്കുന്നു.
മുംബൈ: മുംബൈ ടെസ്റ്റിലും തോറ്റ് ന്യൂസിലന്‍ഡിന് മുന്നില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും തനിക്ക് പിഴച്ചുവെന്ന് ഏറ്റു പറഞ്ഞ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിലും വാര്‍ത്താ സമ്മേളനത്തിലുമായിരുന്നു രോഹിത്തിന്‍റെ കുറ്റസമ്മതം.
ഒരു ടെസ്റ്റ് പരമ്പര തോൽക്കുക എന്നത് അംഗീകരിക്കാനാവുന്നതല്ല, അതും വൈറ്റ് വാഷ് ചെയ്യപ്പെടുക എന്നത് ഒരിക്കലും ദഹിക്കുന്നതല്ല. ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനമല്ല കാഴ്ചവെച്ചത് എന്നതിനാല്‍ ഈ തോല്‍വി അംഗീകരിക്കുന്നു. ഞങ്ങളെക്കാള്‍ മികവ് കാട്ടിയത് തീര്‍ച്ചയായും ന്യൂസിലന്‍ഡ് തന്നെയായിരുന്നു. ഒരു ടീമെന്ന നിലയില്‍ ഞങ്ങൾ ഒരുപാട് പിഴവുകള്‍ വരുത്തി, അത് അംഗീകരിക്കുന്നു. ആദ്യ ടെസ്റ്റില്‍ 46 റണ്‍സിന് ഓള്‍ ഔട്ടായതോടെ തുടക്കത്തിലെ നമ്മള്‍ പിന്നിലായി. രണ്ടാം ടെസ്റ്റിലും ആദ്യ ഇന്നിംഗ്സില്‍ വലിയ സ്കോർ നേടാന്‍ ഞങ്ങള്‍ക്കായില്ല. മുംബൈയില്‍ 30 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതോടെ ഞങ്ങള്‍ നേരിയ മേല്‍ക്കൈ നേടിയതായിരുന്നു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 147 റൺസ് വിജയലക്ഷ്യം അടിച്ചെടുക്കാവുന്നതായിരുന്നു. പക്ഷെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗില്‍ പിഴച്ചു.
റിഷഭ് പന്തും ശുഭ്മാന്‍ ഗില്ലും ജയ്സ്വാളുമെല്ലാം ഈ പിച്ചില്‍ എങ്ങനെ കളിക്കണമെന്ന് കാണിച്ചുതന്നതാണ്. വ്യക്തിപരമായി എന്‍റെ ക്യാപ്റ്റന്‍സിലും ബാറ്റിംഗിലും തിളങ്ങാന്‍ എനിക്കായില്ല. അതുകൊണ്ട് തന്നെ ഈ തോല്‍വിയുടെ ഉത്തരവാദിത്തം ഞാനേറ്റെടുക്കുന്നു. രണ്ടാം ഇന്നിംഗ്സില്‍ മാറ്റ് ഹെന്‍റിക്കെതിരെ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായതിനെയും രോഹിത് ന്യായീകരിച്ചു. ചെറിയ ലക്ഷ്യം പിന്തുടരുമ്പോഴും സ്കോര്‍ ബോര്‍ഡില്‍ റണ്‍സുണ്ടാകണം. അതിനാലാണ് തുടക്കത്തിലെ അടിക്കാന്‍ ശ്രമിച്ചത്. അത് കണക്ട് ആയിരുന്നെങ്കില്‍ നന്നായേനെ. ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ ചില ആശയങ്ങള്‍ മനസില്‍ വരും. അതനുസരിച്ചാണ് കളിക്കാറുള്ളത്.
ടെസ്റ്റ് കരിയറില്‍ മുമ്പൊരിക്കലുമില്ല, മുംബൈ ടെസ്റ്റില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡുമായി വിരാട് കോലി
ഇത്തരം പിച്ചുകളില്‍ കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി ഞങ്ങള്‍ കളിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം പിച്ചുകളില്‍ എങ്ങനെ കളിക്കണമെന്ന് ഞങ്ങൾക്ക് ധാരണയുണ്ട്. പക്ഷെ ഇത്തവണ അത് നടപ്പിലാക്കാനായില്ല. അത് വേദനിപ്പിക്കുന്നതാണ്. ടീം എന്ന നിലയില്‍ കൂട്ടായ പ്രകടനം ഇല്ലാതിരുന്നതാണ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് കാരണമായതെന്നും രോഹിത് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക