ക്ലാസ് ആന്‍ഡ് പവര്‍! സഞ്ജുവിനും തിലകിനും സെഞ്ചുറി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സഞ്ജു - അഭിഷേക് സഖ്യം ഒന്നാം വിക്കറ്റില്‍ 73 റണ്‍സ് ചേര്‍ത്തു.
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. സഞ്ജു സാംസണും (109) തിലക് വര്‍മയും (120) സെഞ്ചുറി നേടിയ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഇരുവരും പുറത്താവാതെ നിന്നു. അഭിഷേക് ശര്‍മയുടെ (36) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. പരമ്പരയില്‍ തിലക് നേടുന്ന തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. സഞ്ജുവിന്റേത് പരമ്പരയിലെ രണ്ടാം സെഞ്ചുറിയും. കഴിഞ്ഞ രണ്ട് മത്സരത്തിലും സഞ്ജു പൂജ്യത്തിന് പുറത്താവുകയായിരുന്നു. ഇരുവരും ചേര്‍ന്നുള്ള സഖ്യം 210 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സഞ്ജു - അഭിഷേക് സഖ്യം ഒന്നാം വിക്കറ്റില്‍ 73 റണ്‍സ് ചേര്‍ത്തു. ആറാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 18 പന്തുകള്‍ നേരിട്ട അഭിഷേഖ് നാല് സിക്‌സും രണ്ട് ഫോറും നേടിയിരുന്നു. അഭിഷേക് പോയെങ്കിലും സഞ്ജു-തിലക് സഖ്യം വെടിക്കെട്ട് തുടര്‍ന്നു. തിലകായിരുന്നു കൂടുതല്‍ ആക്രമണോത്സുകത കാണിച്ചത്. സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റിംഗ് തുടര്‍ന്നു. ഇതിനിടെ സെഞ്ചുറി കൂട്ടുകെട്ടും പൂര്‍ത്തിയാക്കി. 47 പന്തുകള്‍ നേരിട്ട തിലക് 10 സിക്‌സും ഒമ്പത് ഫോറും നേടി. സഞ്ജു 56 പന്തുകള്‍ കളിച്ചു. ഒമ്പത് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.
നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരയില്‍ ഒപ്പമെത്താം. ആദ്യ രണ്ട് മത്സങ്ങളും ഇരു ടീമുകളും ഓരോ ജയം വീതം നേടി. മൂന്നാം മത്സരത്തില്‍ ഇന്ത്യ ജയിക്കുകയായിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം
ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.
ദക്ഷിണാഫ്രിക്ക: റയാന്‍ റിക്കല്‍ടണ്‍, റീസ ഹെന്‍ഡ്രിക്സ്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍ക്കോ ജാന്‍സെന്‍, ജെറാള്‍ഡ് കോറ്റ്സി, ആന്‍ഡിലെ സിമെലന്‍, കേശവ് മഹാരാജ്, ലൂത്തോ സിപാംല.