Asianet News MalayalamAsianet News Malayalam

വരവറിയിച്ച് അഭിഷേക് ശര്‍മ, രണ്ടാം ടി20യില്‍ തന്നെ സെഞ്ചുറി! സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (2) രണ്ടാം ഓവറില്‍ തന്നെ മടങ്ങി. മുസറബാനിക്കായിരുന്നു വിക്കറ്റ്.

huge total for india after abhishek sharma century against zimbabwe
Author
First Published Jul 7, 2024, 6:05 PM IST | Last Updated Jul 7, 2024, 6:48 PM IST

ഹരാരെ: രണ്ടാം ടി20 മത്സരത്തില്‍ തന്നെ സെഞ്ചുറി സ്വന്തമാക്കി അഭിഷേക് ശര്‍മ. സിംബാബ്‌വെക്കെതിരെ രണ്ടാം ടി20 മത്സരത്തിലായിരുന്നു അഭിഷേകിന്റെ (47 പന്തില്‍ 100) നേട്ടം. അഭിഷേകിന്റെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ സിംബാബ്‌വെക്കെതിരെ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 234 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. അഭിഷേകിന് പുറമെ റുതുരാജ് ഗെയ്കവാദ് (47 പന്തില്‍ 77), റിങ്കു സിംഗ് (22 പന്തില്‍ 48) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒരു മാറ്റവുമായിട്ടാണ് ഇറങ്ങിയത്. ഖലീല്‍ അഹമ്മദിന് പകരം സായ് സുദര്‍ശന്‍ ടീമിലെത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയരായ സിംബാബ്‌വെ 1-0ത്തിന് മുന്നിലാണ്.

മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (2) രണ്ടാം ഓവറില്‍ തന്നെ മടങ്ങി. മുസറബാനിക്കായിരുന്നു വിക്കറ്റ്. പിന്നീട് മൂന്നാം വിക്കറ്റില്‍ അഭിഷേക് - റുതുരാജ് സഖ്യം 137 റണ്‍സ് കൂട്ടിചേര്‍ത്തു. തുടക്കത്തില്‍ അഭിഷേക് താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും പിന്നീട് ട്രാക്കിലായി. ഇടങ്കയ്യന്‍ ബാറ്ററുടെ ഒരു ക്യാച്ചും സിംബാബ്‌വെ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞിരുന്നു. തുടര്‍ച്ചയായി മൂന്ന് സിക്‌സുകള്‍ നേടിയാണ് അഭിഷേക് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 47 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്‌സും ഏഴ് ഫോറും നേടി. 14-ാം ഓവറിലെ അവസാന പന്തിലാണ് 23കാരന്‍ മടങ്ങുന്നത്. 

തുടര്‍ന്നെത്തിയ റിങ്കു, റുതുരാജിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്നുള്ള സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. 47 പന്തുകള്‍ നേരിട്ട റുതുരാജ് 11 ഫോറും ഒരു സിക്‌സും നേടി. റിങ്കുവിന്റെ ഇന്നിംഗ്‌സില്‍ അഞ്ച് സിക്സും രണ്ട് ഫോറുമുണ്ടായിരുന്നു.

മൂന്നാം നമ്പറില്‍ കളിക്കട്ടെ, ഇനിയും സഞ്ജുവിനെ മാറ്റിനിര്‍ത്തരുത്! മലയാളി താരത്തിനായി വാദിച്ച് മുന്‍ താരം

സിംബാബ്‌വെ: വെസ്ലി മധേവെരെ, ഇന്നസെന്റ് കൈയ, ബ്രയാന്‍ ബെന്നറ്റ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ഡിയോണ്‍ മിയേഴ്‌സ്, ജോനാഥന്‍ കാംബെല്‍, ക്ലൈവ് മദാന്‍ഡെ (വിക്കറ്റ് കീപ്പര്‍), വെല്ലിംഗ്ടണ്‍ മസകാഡ്‌സ, ലൂക്ക് ജോങ്വെ, ബ്ലെസിംഗ് മുസറബാനി, ടെന്‍ഡായി ചടാര.

ഇന്ത്യ: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, റിയാന്‍ പരാഗ്, റിങ്കു സിംഗ്, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അവേഷ് ഖാന്‍, മുകേഷ് കുമാര്‍.

Latest Videos
Follow Us:
Download App:
  • android
  • ios