പൊള്ളാര്‍ഡ് എങ്ങനെ മുംബൈ ഇന്ത്യന്‍സിലെത്തി, തുറന്നു പറഞ്ഞ് ബ്രാവോ

ഐപിഎല്ലിലെ ആദ്യ രണ്ട് സീസണില്‍ മുംബൈക്കായി കളിച്ചശേഷം ഞാന്‍ മുംബൈ വിടാന്‍ തീരുമാനിച്ചപ്പോള്‍  അവര്‍ എനിക്ക് പകരക്കാരനെ തേടി. അപ്പോള്‍ ഞാനാണ് വെസ്റ്റ് ഇന്‍ഡീസ് ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍ത്തടിക്കുന്ന കീറോണ്‍ പൊള്ളാര്‍ഡെന്ന 19കാരന്‍റെ പേര് എനിക്ക് പകരക്കാരനായി നിര്‍ദേശിച്ചത്.

How Dwayne Bravo convinced MI to sign Kieron Pollard

മുംബൈ: ടീമിലെത്തിയ കാലം മുതല്‍ മുംബൈ ഇന്ത്യന്‍സ് വിടാതെ നിലനിര്‍ത്തുന്ന ചുരുക്കും ചില താരങ്ങളിലൊരാളാണ് കീറോണ്‍ പൊള്ളാര്‍ഡ്. 2010ല്‍ ആദ്യമായി മുംബൈയിലെത്തിയശേഷം പൊള്ളാര്‍ഡ് ഇതുവരെ മറ്റൊരു ടീമിനായും കളിച്ചിട്ടില്ല. എന്നാല്‍ ഐപിഎല്‍ ലേലത്തില്‍ പൊള്ളാര്‍ഡ് മുംബൈയുടെ ആദ്യ ചോയ്സായിരുന്നില്ലെന്ന് ക്രിക് ബസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് ആദ്യ രണ്ട് സീസണുകളില്‍ മുംബൈക്കായി കളിക്കുകയും പിന്നീട് ചെന്നൈയുടെ വിശ്വസ്തനാവുകയും ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ.

ഐപിഎല്ലിലെ ആദ്യ രണ്ട് സീസണില്‍ മുംബൈക്കായി കളിച്ചശേഷം ഞാന്‍ മുംബൈ വിടാന്‍ തീരുമാനിച്ചപ്പോള്‍  അവര്‍ എനിക്ക് പകരക്കാരനെ തേടി. അപ്പോള്‍ ഞാനാണ് വെസ്റ്റ് ഇന്‍ഡീസ് ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍ത്തടിക്കുന്ന കീറോണ്‍ പൊള്ളാര്‍ഡെന്ന 19കാരന്‍റെ പേര് എനിക്ക് പകരക്കാരനായി നിര്‍ദേശിച്ചത്. അപ്പോള്‍ തന്നെ  മുംബൈ അദ്ദേഹത്തെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം മറ്റൊരു ക്ലബ്ബിനായി കളിക്കുകയായിരുന്നു. അതുകൊണ്ട് ഞാന്‍ ഡ്വയിന്‍ സ്മിത്തിനെ എന്‍റെ പകരക്കാരനായി നിര്‍ദേശിക്കുകയും അദ്ദേഹത്തെ മുംബൈ ടീമിലെടുക്കുകയും ചെയ്തു.

അടുത്തവര്‍ഷം ചാമ്പ്യന്‍സ് ലീഗ് ടി20 നടക്കുന്നതിനിടെയാണ് പൊള്ളാര്‍ഡ് ഇന്ത്യയിലുള്ള കാര്യം ഞാന്‍ മുംബൈയുടെ രാഹുല്‍ സംഘ്‌വിയെ വിളിച്ച് പറയുന്നത്. വന്ന് അദ്ദേഹവുമായി കരാറിലേര്‍പ്പെടാന്‍ നിര്‍ദേശിക്കുന്നത്.  അദ്ദേഹം അപ്പോള്‍ തന്നെ റോബിന്‍ സിംഗിനെയും കൂട്ടി ഹൈദരാബാദിലെ ഹോട്ടലിലെത്തി. പൊള്ളാര്‍ഡിനെ ലോബിയിലേക്ക് വിളിച്ച് ഞാനാണ് അവര്‍ക്ക് പരിചയപ്പെടുത്തിയത്. പൊള്ളാര്‍ഡിന് രണ്ട് ലക്ഷം ഡോളറിന്‍റെ കരാറുമായാണ് സംഘ്‌വിയും റോബിനും വന്നിരുന്നത്.

ട്രിനാഡുകാരായ ഞങ്ങളെ സംബന്ധിച്ച് അത് വലിയ തുകയാണ്. കരാര്‍ കണ്ട ഉടന്‍ 19കാരനായ പൊള്ളാര്‍ഡ് അത്ഭുതത്തോടെ ചോദിച്ചത്, ഡ്വയിന്‍ നിങ്ങളിത് കാര്യമായിട്ടാണോ എന്നായിരുന്നു. ആ ടൂര്‍ണമെന്‍റിലാണ് പൊള്ളാര്‍ഡ് തന്‍റെ അവിശ്വസനീയ ബാറ്റിംഗ് പ്രകടനം കൊണ്ട് ലോകത്തെ ഞെട്ടിച്ചത്. അതോടെ ഐപിഎല്ലില്‍ എല്ലാവരും ആ താരത്തെ ടീമിലെത്തിക്കാന്‍ ശ്രമം തുടങ്ങി. പക്ഷെ അപ്പോഴേക്കും മുംബൈ അദ്ദേഹവുമായി കരാറിലേര്‍പ്പെട്ടിരുന്നു.

എന്നാല്‍ ഇത് ഐപിഎല്‍ ചട്ടലംഘനമാണെന്ന് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് മിനി താരലേലത്തില്‍ ഏഴര ലക്ഷം ഡോളര്‍ അധികം നല്‍കി പൊള്ളാര്‍ഡിനെ സ്വന്തമാക്കാന്‍ ടീമുകള്‍ക്ക് അവസരം നല്‍കി. കൊല്‍ക്കത്തയും ചെന്നൈയും എല്ലാം പൊള്ളാര്‍ഡിനായി ശക്തമായി രംഗത്തെത്തിയെങ്കിലും കൂടുതല്‍ പണം നല്‍കി സ്വാഭാവികമായും മുംബൈ അദ്ദേഹത്തെ സ്വന്തമാക്കി. ഇന്നോ പൊള്ളാര്‍ഡില്ലാത്തൊരു മുംബൈ ഇന്ത്യന്‍സിനെക്കുറിച്ച് ചിന്തിക്കാനാവുമോ-ബ്രാവോ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios