Asianet News MalayalamAsianet News Malayalam

മുംബൈയെ ജയിപ്പിക്കാന്‍ ടിവി അമ്പയര്‍ കണ്ണടച്ചോ, ആയുഷ് ബദോനിയുടെ റണ്ണൗട്ടിനെച്ചൊല്ലി വിവാദം

മലയാളിയായ കെ എന്‍ അനന്തപത്മനാഭനായിരുന്നു ടിവി അമ്പയര്‍. റീപ്ലേകള്‍ പരിശോധിച്ച ടിവി അമ്പയര്‍ ബദോനി ക്രീസിലേക്ക് ഡൈവ്  ചെയ്തെങ്കിലും ബാറ്റ് നിലത്ത് മുട്ടിയില്ലെന്ന് പറഞ്ഞ് ഔട്ട് വിധിച്ചു.

fans slams umpires decision over bizarre run-out of Ayush Badoni during LSG vs MI match in IPl 2024
Author
First Published May 1, 2024, 11:54 AM IST

ലഖ്നൗ: ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ ലഖ്നൗ ഇന്നിംഗ്സിനൊടുവില്‍ ആയുഷ് ബദോനിയെ ടിവി അമ്പയര്‍ റണ്ണൗട്ട് വിധിച്ചതിനെച്ചൊല്ലി വിവാദം. ലഖ്നൗവിന് അവസാന രണ്ടോവറില്‍ ജയിക്കാന്‍ 13 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എട്ട് പന്തില്‍ നാലു റണ്‍സുമായി ക്രീസില്‍ നിന്ന നിക്കൊളാസ് പുരാന്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്നതിനിടെ ക്രീസിലെത്തിയ ആയുഷ് ബദോനി ജെറാള്‍ഡ് കോയെറ്റ്സിക്കെതിരെ രണ്ട് ബൗണ്ടറി നേടി മറുവശത്തുണ്ടായിരുന്നു.

ഇതിനിടെ ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ പന്തിൽ സ്ക്വയര്‍ ലെഗ്ഗിലേക്ക് അടിച്ച് ബദോനി രണ്ടാം റണ്ണിനായി ഓടി. ബൗണ്ടറിയില്‍ നിന്ന് നമാന്‍ ധിര്‍ നല്‍കിയ ത്രോ കലക്ട് ചെയ്ത ഇഷാന്‍ കിഷന് ബദോനിയെ റണ്ണൗട്ടാക്കാന്‍ അവസരം ലഭിച്ചെങ്കിലും ആദ്യ ശ്രമത്തില്‍ കിഷന് പന്ത് വിക്കറ്റില്‍ കൊള്ളിക്കാനായില്ല. രണ്ടാം ശ്രമത്തില്‍ ബെയില്‍സിളക്കിയെങ്കിലും ബദോനി ഡൈവ് ചെയ്ത് ക്രീസിലെത്തിയിരുന്നു. കിഷന്‍ സുവര്‍ണാവസരം നഷ്ടമാക്കിയെന്ന് കരുതിയിരിക്കെ മുംബൈയുടെ അപ്പീല്‍ ഫീല്‍ഡ് അമ്പയര്‍ തീരുമാനം ടിവി അമ്പയര്‍ക്ക് വിട്ടു.

ലഖ്നൗവിനെതിരെ തോറ്റതിന്‍റെ പഴിക്ക് പിന്നാലെ ഹാര്‍ദ്ദിക്കിന് കനത്ത പിഴയും, രോഹിത്തിനെയും വെറുതെ വിട്ടില്ല

മലയാളിയായ കെ എന്‍ അനന്തപത്മനാഭനായിരുന്നു ടിവി അമ്പയര്‍. റീപ്ലേകള്‍ പരിശോധിച്ച ടിവി അമ്പയര്‍ ബദോനി ക്രീസിലേക്ക് ഡൈവ്  ചെയ്തെങ്കിലും ബാറ്റ് നിലത്ത് മുട്ടിയില്ലെന്ന് പറഞ്ഞ് ഔട്ട് വിധിച്ചു. അമ്പയറുടെ അപ്രതീക്ഷിത തീരുമാനം മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്ക് പോലും വിശ്വസിക്കാനായില്ല.

ബദോനിയുടെ ബാറ്റ് പകുതിയിലധികം ക്രീസ് പിന്നിട്ടുവെങ്കിലും ബാറ്റ് നിലത്ത് മുട്ടിയിട്ടില്ലെന്നായിരുന്നു ടിവി അമ്പയറുടെ വിലയിരുത്തല്‍. ഇതോടെ എതിര്‍പ്പുമായി ലഖ്നൗ നായകന്‍ കെ എല്‍ രാഹുലും ഡഗ് ഔട്ടില്‍ നിന്ന് എഴുന്നേറ്റു. ഫീല്‍ഡ് അമ്പയറുമായി കുറച്ചു നേരം തര്‍ക്കിച്ചശേഷം ബദോനി ക്രീസ് വിടുകയും ചെയ്തു. പിന്നാലെ മുംബൈയെ ജയിപ്പിക്കാന്‍ അമ്പയറുടെ കള്ളക്കളിയെന്ന വാദവുമായി ഒരുവിഭാഗം ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios