ടോസ് മുതല്‍ പിഴവോട് പിഴവ്! രാജസ്ഥാന്‍ റോയല്‍സ് തോല്‍ക്കാനുണ്ടായ അഞ്ച് കാരണങ്ങള്‍; സഞ്ജു സാംസണും അടിതെറ്റി
ക്യാപ്റ്റന്‍ സാം കറന്റെ (41 പന്തില്‍ 63) മിന്നുന്ന പ്രകടനാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. രാജസ്ഥാന്റെ തോല്‍വിക്ക് നിരവധി കാരണങ്ങളുണ്ട്.
ഗുവാഹത്തി: ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലാം തോല്‍വിയാണ് രാജസ്ഥാന്‍ റോയല്‍സ് ഏറ്റുവാങ്ങിയത്. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ സാം കറന്റെ (41 പന്തില്‍ 63) മിന്നുന്ന പ്രകടനാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. രാജസ്ഥാന്റെ തോല്‍വിക്ക് നിരവധി കാരണങ്ങളുണ്ട്. ടോസ് വീണത് മുതല്‍ തുടങ്ങുന്നു അത്. അഞ്ച് കാരണങ്ങള്‍ പരിശോധിക്കാം.
ടോസ് നേടിയിട്ടും ബാറ്റിംഗ്
ടോസ് നേടിയിട്ടും പഞ്ചാബിനെ ബൗളിംഗിനയച്ച തീരുമാനും പാളി പോയി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിനെ കഴിഞ്ഞ മത്സരത്തിലും രാജസ്ഥാന്‍ ടോസ് നേടി ബാറ്റിംഗ് എടുക്കുകയായിരുന്നു. രണ്ടും സ്ലോ വിക്കറ്റായിരുന്നു. എന്നാല്‍ ഇത്തരം വിക്കറ്റുകളില്‍ മികച്ച രീതിയില്‍ കളിക്കാന്‍ രാജസ്ഥാന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല. 20-25 കുറവായിരുന്നു രാജസ്ഥാന്.
പവര്‍ പ്ലേയില്‍ അടിതെറ്റി
38 റണ്‍സ് മാത്രമാണ് രാജസ്ഥാന് പവര്‍ പ്ലേയില്‍ നേടാന്‍ സാധിച്ചത്. ആദ്യ യശസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. പവര്‍ പ്ലേ ആഘാതത്തില്‍ നിന്ന് കരകയറാന്‍ രാജസ്ഥാന് സാധിച്ചതുമില്ല. സ്ലോ പിച്ചില്‍ വേണ്ട രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല.
ബട്‌ലറില്ല, ജയ്‌സ്വാളിന്റെ മോശം ഫോം
ബട്‌ലറുടെ അഭാവം രാജസ്ഥാനെ കാര്യമായി ബാധിച്ചു. പകരമെത്തിയത് ടോം കോഹ്‌ലര്‍ കഡ്‌മോറായിരുന്നു. എന്നാല്‍ കാര്യമായെന്നും കഡ്‌മോറിന് ചെയ്യാന്‍ കഴിഞ്ഞില്ല. ഓപ്പണറായെത്തിയ താരം പവര്‍പ്ലേയില്‍ ധാരളം പന്തുകള്‍ പാഴാക്കി. 23 പന്തില്‍ 18 റണ്‍സുമായിട്ടാണ് കഡ്‌മോര്‍ പുറത്തായത്. യശസ്വി ജയ്‌സ്വാള്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തുകയും ചെയ്തു.
മധ്യനിര പരാജയം
മധ്യനിര താരങ്ങളില്‍ റിയാന്‍ പരാഗിന് (48) മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. താല്‍കാലികമായ സ്ഥാനക്കയറ്റം കിട്ടിയെത്തിയ അശ്വിന്റെ (28) ഇന്നിംഗ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ രാജസ്ഥാന്റെ അവസ്ഥ ഇതിലും പരിതാപകരമായേനെ. സഞ്ജു സാംസണ്‍ (18), ധ്രുവ് ജുറല്‍ (0), റോവ്മാന്‍ പവല്‍ (4), ഡോണോവന്‍ ഫെറൈറ (7) എന്നിവര്‍ പാടെ നിരാശപ്പെടുത്തി.
അധിക ബൗളര്‍
നിലവാരമുള്ള അഞ്ച് ബൗളര്‍മാര്‍ ടീമിലുണ്ടെന്ന് സഞ്ജു തന്നെ സമ്മതിക്കുന്നു. ആവേഷ് ഖാന്‍, ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിരവരാണ് ടീമിലെ ബൗളര്‍മാര്‍. എന്നാല്‍ ഇവരിലൊരാള്‍ അടി മേടിക്കുമ്പോള്‍ പകരം ഉപയോഗിക്കാന്‍ ഒരു ബൗളര്‍ രാജസ്ഥാനില്ല.