IPL 2022 : മാക്‌സ്‌വെല്‍ എണ്ണയിട്ടു, കാര്‍ത്തിക് നിറഞ്ഞാടി; ഡല്‍ഹിക്കെതിരെ ആര്‍സിബിക്ക് മികച്ച സ്‌കോര്‍
മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായെങ്കിലും ഗ്ലെന്‍ മാക്‌സ്വെല്‍ (34 പന്തില്‍ 55), ദിനേശ് കാര്‍ത്തിക് (34 പന്തില്‍ പുറത്താവാതെ 66) എന്നിവരുടെ ഇന്നിംഗ്‌സാണ് ആര്‍സിബിക്ക് തുണയായത്.
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായെങ്കിലും ഗ്ലെന്‍ മാക്‌സ്വെല്‍ (34 പന്തില്‍ 55), ദിനേശ് കാര്‍ത്തിക് (34 പന്തില്‍ പുറത്താവാതെ 66) എന്നിവരുടെ ഇന്നിംഗ്‌സാണ് ആര്‍സിബിക്ക് തുണയായത്. ഇരു ടീമുകളും പ്ലയിംഗ് ഇലവനില്‍ മാറ്റം വരുത്തിയാണ് ഇറങ്ങിയത്. സര്‍ഫറാസ് ഖാന് പകരം മിച്ചല്‍ മാര്‍ഷ് ടീമിലെത്തി. ആര്‍സിബിയില്‍ ആകാശ് ദീപിന് പകരം ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തി.
മോശം തുടക്കാണ് ആര്‍സിബിക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ അനുജ് റാവത്ത് (0), ഫാഫ് ഡു പ്ലെസിസ് (8) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ മൂന്ന് ഓവറിനിടെ ആര്‍സിബിക്ക് നഷ്ടമായി. ഖലീല്‍ അഹമ്മദ്, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. ഏഴാം ഓവറില്‍ വിരാട് കോലി (12) റണ്ണൗട്ടാവുകയും ചെയ്തതോടെ ആര്‍സിബി മൂന്നിന് 40 എന്ന നിലയിലായി. ഇതിനിടെ സുയഷ് (12) മടങ്ങിയതോടെ നാലിന് 75 എന്ന നിലയിലേക്ക് വീണു.
ഒരറ്റത്ത് ആക്രമിച്ച കളിച്ച മാക്‌സ്‌വെല്ലിലായിരുന്നു ടീം ഇത്രയെങ്കിലും റണ്‍സെടുത്തത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 92 റണ്‍സ് ആയിരിക്കെ മാക്‌സ്‌വെല്ലും മടങ്ങി. കുല്‍ദീപ് യാദവിന്റെ പന്തില്‍ ലളിത് യാദവിന് ക്യാച്ച്. പിന്നീടാണ് ആര്‍സിബി ആഗ്രഹിച്ച ഇന്നിംഗ്‌സ് പിറന്നത്. ദിനേശ് കാര്‍ത്തിക് (34 പന്തില്‍ പുറത്താവാതെ 66) നിറഞ്ഞാടി. അഞ്ച് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു കാര്‍ത്തികിന്റെ ഇന്നിംഗ്‌സ്. ഷഹബാസ് അഹമ്മദ് (21 പന്തില്‍ പുറത്താവാതെ 32) വലിയ പിന്തുണ നല്‍കി. ഇരുവരും കൂട്ടിചേര്‍ത്ത 97 റണ്‍സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, അനുജ് റാവത്ത്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷഹ്ബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക്, സൂയഷ് പ്രഭുദേശായ്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.
ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്മാന്‍, ഖലീല്‍ അഹമ്മദ്.