IPL 2022 : ഐപിഎല്‍ പിന്മാറ്റത്തിന് പിന്നാലെ ദീപക് ചാഹറിന് തിരിച്ചടി; പരിക്ക് ഭേദമാവാന്‍ മൂന്ന് മാസമെടുക്കും

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെ പരിക്കേറ്റ ചാഹര്‍ ഒരു മാസത്തിലേറെയായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികില്‍സയിലും പരിശീലനത്തിലുമാണ്. 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് മെഗാ താരലേലത്തില്‍ 29കാരനായ ചാഹറിനെ സ്വന്തമാക്കുകയായിരുന്നു.

deepak chahar likely to be sidelined for three months

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇന്ത്യന്‍ പേസര്‍ ദീപക് ചാഹറിന് കനത്ത തിരിച്ചടി. ഐപിഎല്‍ സീസണ്‍ ചാഹറിന് നഷ്ടമാവുമെന്ന് ഇന്നലെ ഔദ്യൗഗിക വാര്‍ത്ത പുറത്തുവന്നിരുന്നു. നടുവിന് പരിക്കേറ്റ് ചികിത്സയിലായ അദ്ദേഹത്തിന് അടുത്ത മൂന്ന് മാസത്തേക്ക് കളിക്കാനാവില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ചാഹര്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തും. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെ പരിക്കേറ്റ ചാഹര്‍ ഒരു മാസത്തിലേറെയായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികില്‍സയിലും പരിശീലനത്തിലുമാണ്. 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് മെഗാ താരലേലത്തില്‍ 29കാരനായ ചാഹറിനെ സ്വന്തമാക്കുകയായിരുന്നു. 2018ലാണ് ദീപക് ചാഹര്‍ ആദ്യമായി ചെന്നൈയുടെ ഭാഗമായത്. നാല് വര്‍ഷത്തിനിടെ രണ്ട് കിരീടങ്ങള്‍ സിഎസ്‌കെയ്ക്കൊപ്പം നേടി. 

58 വിക്കറ്റുകളാണ് ചെന്നൈ ജേഴ്സിയില്‍ താരം പേരിലാക്കിയത്. കഴിഞ്ഞ മൂന്ന് സീസണുകളിലായി ദീപക് ചാഹര്‍ 32 വിക്കറ്റ് പേരിലാക്കി.

പകരക്കാരനാര്?

ചാഹറിന്റെ പകരക്കാരനായിക്കുമെന്നുള്ള കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇശാന്ത് ശര്‍മ, ധവാല്‍ കുല്‍കര്‍ണി എന്നിവര്‍ക്ക് സാധ്യയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ചാഹറിന്റെ അഭാവം വലിയ രീതിയില്‍ ചെന്നൈയെ ബാധിക്കുന്നുണ്ട്. മുന്‍താരം ഹര്‍ഭജന്‍ സിംഗ് ഇക്കാര്യം പറയുകയും ചെയ്തു. ''രണ്ട് പ്രധാന പ്രശ്നങ്ങളാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനുള്ളത്. ആദ്യ ആറ് ഓവറുകളില്‍ തുടക്കത്തിലെ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള ദീപക് ചാഹറിനെ പോലൊരു ബൗളറില്ല. പവര്‍പ്ലേയ്ക്ക് ശേഷം 7-15 ഓവറുകളില്‍ വിക്കറ്റ് വേട്ടക്കാരായ സ്പിന്നര്‍മാരുമില്ല. റുതുരാജ് ഗെയ്ക്വാദ് വേഗത്തില്‍ പുറത്താകുന്നു. അതിനാല്‍ ശക്തമായ ഓപ്പണിംഗ് സഖ്യമില്ല. അതിനാലാണ് ചെന്നൈ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റത്' എന്നുമായിരുന്നു സ്റ്റാര്‍ സ്പോര്‍ട്സില്‍ ഹര്‍ഭജന്‍ സിംഗിന്റെ വാക്കുകള്‍.
 

Latest Videos
Follow Us:
Download App:
  • android
  • ios