സി കെ നായുഡു ട്രോഫി: അഹ്മദ് ഇമ്രാനും സെഞ്ച്വറി, കേരളത്തിന് കൂറ്റൻ സ്കോര്‍; ഉത്തരാഖണ്ഡിന് ബാറ്റിംഗ് തകര്‍ച്ച
അഹ്മദ് ഇമ്രാന്‍റെ സെഞ്ചുറിയാണ് മൂന്നാം ദിവസം കേരളത്തിന് കൂറ്റൻ സ്കോര്‍ ഉറപ്പാക്കിയത്
വയനാട്: സി കെ നായുഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് മുൻതൂക്കം. ആദ്യ ഇന്നിംഗ്സ് 521/7 എന്ന നിലയില്‍ ഡിക്ലയർ ചെയ്ത കേരളം,മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡിന്‍റെ നാല് വിക്കറ്റുകൾ തുടക്കത്തിലെ വീഴ്ത്തി നില ശക്തമാക്കി. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഉത്തരാഖണ്ഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെന്ന നിലയിലാണ്.
അഹ്മദ് ഇമ്രാന്‍റെ സെഞ്ചുറിയാണ് മൂന്നാം ദിവസം കേരളത്തിന് കൂറ്റൻ സ്കോര്‍ ഉറപ്പാക്കിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും 150 പിന്നിട്ട ഇന്നിങ്സുമായി ഷോൺ റോജറും കേരളത്തിന് കരുത്തായി. 19 ഫോറും മൂന്ന് സിക്സും അടക്കം 155 റൺസാണ് ഷോൺ റോജർ നേടിയത്. മറുവശത്ത് ഏകദിന ശൈലിയിൽ ബാറ്റ് വീശിയ അഹമ്മദ് ഇമ്രാൻ 116 പന്തിൽ 101 റൺസുമായി പുറത്താകാതെ നിന്നു. ഒൻപത് ഫോും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഇമ്രാന്‍റെ ഇന്നിംഗ്സ്.
ആസിഫ് അലി 20ഉം ജിഷ്ണു 34ഉം റൺസെടുത്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ ഉത്തരാഖണ്ഡിന് തുടക്കത്തിൽ തന്നെ നാല് വിക്കറ്റ് നഷ്ടമായി. മൂന്ന് വിക്കറ്റെടുത്ത പവൻ രാജിന്‍റെ പ്രകടനമാണ് ഉത്തരാഖണ്ഡിന്‍റെ മുൻനിര ബാറ്റിങ്ങിനെ തകർത്തത്. ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി. കളി നിർത്തുമ്പോൾ 30 റൺസുമായി ഹർഷ് റാണയും 19 റൺസോടെ ശാശ്വത് ദാംഗ്വാളുമാണ് ക്രീസിൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക