നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനം; നയം വ്യക്തമാക്കി ബിസിസിഐ
അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ കോലി ക്യാപ്റ്റനായി തുടരുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോലി ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു.
മുംബൈ: രോഹിത് ശര്‍മ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുക്കുമെന്നുള്ള വാര്‍ത്ത ചര്‍ച്ചയായിരുന്നു. ടി20 ലോകകപ്പിന് ശേഷം വിരാട് കോലി സ്ഥാനമൊഴിയുമെന്നും രോഹിത് ക്യാപ്റ്റനാകുമെന്നുള്ളതായിരുന്നു വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ലായിരുന്നു.
അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ കോലി ക്യാപ്റ്റനായി തുടരുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോലി ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇത്തരമൊരു കാര്യം ബിസിസിഐയുടെ പരിഗണനയിലെ വന്നിട്ടില്ലെന്നാണ് ട്രഷറര്‍ അരുണ്‍ ധുമല്‍ വ്യക്തമാക്കി.
''മാധ്യമങ്ങള്‍ പടച്ചുവിടുന്നത് അസംബന്ധമാണ്. ഇത്തരമൊരു കാര്യം ബിസിസിഐയുടെ ചര്‍ച്ചയിലെ വന്നിട്ടില്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുത്. ഇന്ത്യന്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും കോലി ക്യാപ്റ്റനായി തുടരും.'' ധുമല്‍ വ്യക്തമാക്കി.
കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷമാണ് കോലിയെ നായകസ്ഥാനത്ത് നിന്ന് നീക്കണമെന്ന വാദം ശക്തമായത്. അന്ന് ഇന്ത്യ സെമിയില്‍ പുറത്തായിരുന്നു. മാത്രമല്ല, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള കിരീടങ്ങളും രോഹിത്തിനെ ക്യാപ്റ്റനാക്കണമെന്നുള്ള വാദത്തിന് ശക്തി വര്‍ധിപ്പിച്ചിരുന്നു.