കോഴിക്കോട് ഇന്ന് സമ്പൂർണ ലോക്ഡൗൺ, കാസർകോട് 5 പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ, തൃശൂരിലും നിയന്ത്രണങ്ങൾ
വടകരയിൽ കൊവിഡ് കെയർ സെന്‍ററിൽ ജോലി ചെയ്ത ആരോഗ്യ പ്രവർത്തകനും വൈറസ് ബാധ കണ്ടെത്തി. ജില്ലയിൽ 11 പുതിയ നിയന്ത്രിത മേഖലകൾ കൂടി പ്രഖ്യാപിച്ചു.
കോഴിക്കോട്/കാസർകോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലയിൽ ഞായറാഴ്ചകളിൽ ജില്ലാ കളക്ടർ ലോക്ഡൗൺ പ്രഖ്യാപിച്ചത്. മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ തുറക്കാൻ പാടില്ല. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്രയും പാടില്ല. അതിനിടെ വടകര ജില്ലാ ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫിനും തിരുവള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ സ്റ്റാഫ് നഴ്സിനും കൊവിഡ് സ്ഥിരീകരിച്ചു. വടകരയിൽ കൊവിഡ് കെയർ സെന്‍ററിൽ ജോലി ചെയ്ത ആരോഗ്യ പ്രവർത്തകനും വൈറസ് ബാധ കണ്ടെത്തി. ജില്ലയിൽ 11 പുതിയ നിയന്ത്രിത മേഖലകൾ കൂടി പ്രഖ്യാപിച്ചു.
കാസർകോട് 5 പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ നിലവിൽ വന്നു. മഞ്ചേശ്വരം, കുന്പള, കാസർകോട്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ അർദ്ധരാത്രിയോടെയാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ വന്നത്. കൊവിഡ് വ്യാപനത്തിന്‍റെ തീവ്രത കൂടിയ സാഹചര്യത്തിലാണ് കളക്ടറുടെ തീരുമാനം. ഇവിടങ്ങളിൽ ഓട്ടോ, ടാക്സി അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾക്ക് വിലക്കുണ്ട്. ചെങ്കളയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് കൊവിഡ് സ്ഥിരീകരിച്ച 43 പേരുടെ പ്രാഥമിക സന്പർക്കപ്പട്ടികയിലുള്ളവരെ ഇന്ന് പരിശോധിക്കും.
തൃശ്ശൂരിലെ ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്നു. കര്‍ശന നിയന്ത്രണങ്ങാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ 12 വരെ തുറക്കും. പൊതുഗതാഗതം നിരോധിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച വിവാഹങ്ങളില്‍ 20 ലധികം ആളുകള്‍ പങ്കെടുക്കരുതെന്ന് നിർദേശമുണ്ട്. കെഎസ്ഇ കാലിത്തീറ്റ കന്പനി ക്ലസ്റ്ററില്‍ സന്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇന്നലെ വൈകീട്ട് 5 മണി മുതലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പിലാക്കിയത്