രാജ്യത്തെ 87 ശതമാനം ബിസിനസ്സുകളും വീഡിയോ കോണ്‍ഫറന്‍സിംഗ് ഉപയോഗിക്കുന്നു: ചർച്ചയായി സർവേ റിപ്പോര്‍ട്ട്
ബിസിജിയും സൂമും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രധാന വ്യവസായങ്ങളേയും ഇന്ത്യ, യുഎസ്, യുകെ, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ആറ് രാജ്യങ്ങളെ പറ്റിയും പ്രതിപാദിക്കുന്നു.
മുംബൈ: കൊവിഡിനെ തുടര്‍ന്ന് ബിസിനസ്സ് മേഖലയിലുണ്ടായ മാറ്റങ്ങളുടെ ഭാഗമായി 87 ശതമാനം ഇന്ത്യന്‍ ബിസിനസ്സുകളും വീഡിയോ കോണ്‍ഫറന്‍സിംഗ് സൊല്യൂഷനുകളിലേക്ക് മാറി. മഹാമാരിയുടെ സമയത്ത് വിദൂര ജോലിയുടെയും വീഡിയോ ആശയവിനിമയങ്ങളുടെയും സാമ്പത്തിക ആഘാതം വിലയിരുത്തുന്നതിനായി, വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പായ സൂം, ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പുമായി (ബിസിജി) നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരമാണിത്.
വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന വ്യവസായങ്ങള്‍ക്ക് അവരുടെ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അതിന്റെ ഫലമായി സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും ബിസിനസ്സിന്റെ തുടര്‍ച്ചയും വളര്‍ച്ചയും നിലനിര്‍ത്താനും സാധിച്ചു. ബിസിജിയും സൂമും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രധാന വ്യവസായങ്ങളേയും ഇന്ത്യ, യുഎസ്, യുകെ, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ആറ് രാജ്യങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നു.
സര്‍വേയില്‍ പങ്കെടുത്ത ബിസിനസ്സുകളുടെ അടിസ്ഥാനത്തില്‍ വിദൂരമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം 2.5-3.0 മടങ്ങ് വര്‍ദ്ധിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗ് സൊല്യൂഷനുകള്‍ ഉപയോഗിക്കുന്ന ജീവനക്കാരുടെ എണ്ണം 2.4-2.7 മടങ്ങാണ് വര്‍ദ്ധിച്ചത്. 2020 ലെ ബിസിജിയുടെ കൊവിഡ്-19 ജീവനക്കാരുടെ മനോഭാവങ്ങളുടെ സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം മാനേജര്‍മാരും മഹാമാരിക്ക് മുമ്പുള്ളതിനേക്കാള്‍ വിദൂര പ്രവര്‍ത്തന മാര്‍ഗ്ഗങ്ങളില്‍ കൂടുതല്‍ വഴക്കവും തുറന്ന മനഃസ്ഥിതിയും പ്രകടിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തി.