ഇന്ത്യ 'പിടിക്കാന്‍' ഷവോമി; മൂന്ന് പ്ലാന്റുകള്‍ കൂടി തുറക്കുന്നു
ഇന്ത്യയെ ഒരു എക്‌സ്‌പോര്‍ട് ഹബ്ബായി കാണുകയാണ് ലക്ഷ്യം. ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കും കഴിഞ്ഞ വര്‍ഷം മുതല്‍ കയറ്റുമതി ആരംഭിച്ചു.
ദില്ലി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി പുതിയ രണ്ട് മൊബൈല്‍ മാനുഫാക്ചറിങ് പ്ലാന്റുകളും ഒരു ടെലിവിഷന്‍ നിര്‍മ്മാണ പ്ലാന്റും തുറക്കുന്നു. ഷവോമി ഇന്ത്യ തലവനും ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായ മനു ജെയിന്‍ ഇന്റര്‍വ്യൂവിലാണ് ഇക്കാര്യം പറഞ്ഞത്. തങ്ങള്‍ ഉല്‍പ്പാദിക്കുന്ന ടെലിവിഷനുകളില്‍ 99 ശതമാനവും ഇന്ത്യയിലാണ് വില്‍ക്കപ്പെടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇന്ത്യയെ ഒരു എക്‌സ്‌പോര്‍ട് ഹബ്ബായി കാണുകയാണ് ലക്ഷ്യം. ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കും കഴിഞ്ഞ വര്‍ഷം മുതല്‍ കയറ്റുമതി ആരംഭിച്ചു. ഇപ്പോഴത്തെ മുന്തിയ പരിഗണന ഇന്ത്യയിലെ പ്രാദേശിക ബിസിനസിനാണ്. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന കാര്യവും ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു മൊബൈല്‍ നിര്‍മ്മാണ പ്ലാന്റ് ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ ഡിബിജി ഇന്ത്യയുമായി ചേര്‍ന്നാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ചൈനീസ് ഇലക്ട്രോണിക് നിര്‍മ്മാതാക്കളായ ബിവൈഡിയുമായി ചേര്‍ന്ന് തമിഴ്നാട്ടിലാണ് രണ്ടാമത്തെ പ്ലാന്റ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. റേഡിയന്റാണ് തെലങ്കാനയില്‍ ഷവോമിയുമായി ചേര്‍ന്ന് ടെലിവിഷന്‍ നിര്‍മ്മാണ പ്ലാന്റ് ആരംഭിക്കുന്നത്.
ഹൈദരാബാദ് ആസ്ഥാനമായ ടിവി മാനുഫാക്ചറിങ് കമ്പനിയാണ് റേഡിയന്റ്. ഫോക്‌സ്‌കോണും ഫ്‌ലെക്‌സും ഷവോമിയ്ക്ക് വേണ്ടി തമിഴ്‌നാട്ടില്‍ മൊബൈല്‍ നിര്‍മ്മാണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ ഡിക്‌സണ്‍ ടെക്‌നോളജീസിന്റെ സഹകരണത്തോടെ ആന്ധപ്രദേശില്‍ ഷവോമിക്ക് ടിവി നിര്‍മ്മാണ പ്ലാന്റുമുണ്ട്.