ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയുടെ ഐപിഒ വരുന്നു, ഐപിഒയ്ക്ക് സൗദി സര്‍ക്കാരിന്‍റെ അനുമതി
വർഷങ്ങളുടെ കാലതാമസത്തിനുശേഷം, ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിക്കുന്ന സൗദി അരാംകോയെന്ന ഊര്‍ജ്ജ ഭീമന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാകും ഇത്.
റിയാദ്: ലോകത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പന ആകാൻ സാധ്യതയുള്ള സൗദി അരാംകോയുടെ ഐപിഒ റിയാദ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുമെന്ന് കമ്പനി ഞായറാഴ്ച പറഞ്ഞു. രാജ്യത്തിന്റെ എണ്ണയെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയെ മറികടക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അഭിലാഷങ്ങൾക്ക് അടിവരയിടുന്ന പരിഷ്കരണ നീക്കമാകും ഇത്.
വർഷങ്ങളുടെ കാലതാമസത്തിനുശേഷം, ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിക്കുന്ന സൗദി അരാംകോയെന്ന ഊര്‍ജ്ജ ഭീമന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ പ്രഖ്യാപനം. ലോകത്തെ എണ്ണയുടെ 10 ശതമാനം സംഭാവന ചെയ്യുന്നത് സൗദി അരാംകോയാണ്. സൗദി സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചതോടെ ഇനി നടപടികള്‍ വേഗത്തിലാകും.
അരാംകോയുടെ മൂല്യം 1.7 ട്രില്യൺ ഡോളർ വരെയാകാമെന്ന് വിപണി വിദഗ്ധർ പറയുമ്പോൾ, പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ലോകത്തിലെ ഏറ്റവും വലിയ കമ്പനിയുടേതായാലും കമ്പനി എത്രമാത്രം വിൽക്കാൻ തീരുമാനിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മൂല്യത്തിലെ മുന്നേറ്റമെന്നും വിദഗ്ധര്‍ പറയുന്നു.
കമ്പനിയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ഇത് അടയാളപ്പെടുത്തുന്നതെന്നും സാമ്പത്തിക വൈവിധ്യവത്കരണത്തിനും വളർച്ചയ്ക്കും വേണ്ടിയുള്ള രാജ്യത്തിന്റെ ലക്ഷ്യമായ സൗദി വിഷൻ 2030 എത്തിക്കുന്നതിലെ സുപ്രധാന പുരോഗതിയാണിതെന്നും അരാംകോ ചെയർമാൻ യാസിർ അൽ റുമയ്യൻ പറഞ്ഞു.