കേരളത്തിൽ സ്ത്രീകൾ മാത്രമുള്ള രണ്ട് വിതരണ കേന്ദ്രങ്ങൾ ആരംഭിച്ച് ആമസോൺ
ഭൂരിഭാഗം ഡെലിവറി പാർട്ണർമാർക്കും ഇത് തങ്ങളുടെ ആദ്യ സംരംഭം കൂടിയാണ്. ഡെലിവറി പാർട്ണർമാരിലൂടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ഉൽപ്പന്നങ്ങൾ എത്തിക്കുകയെന്ന വലിയ ലക്ഷ്യമാണ് കമ്പനിക്ക് മുന്നിലുള്ളത്.
കൊച്ചി: സ്ത്രീശാക്തീകരണത്തിനുള്ള ശ്രമമെന്ന നിലയിൽ സ്ത്രീകൾക്ക് തൊഴിലുറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആമസോൺ ആരംഭിച്ച പുതിയ രണ്ട് വിതരണ കേന്ദ്രങ്ങൾ കേരളത്തിൽ. സ്ത്രീകൾ മാത്രമുള്ളതാണ് ഈ ഡെലിവറി കേന്ദ്രങ്ങൾ. പത്തനംതിട്ടയിലെ ആറന്മുളയിലും തൃശ്ശൂരിലെ കൊടുങ്ങല്ലൂരിലുമാണ് ഈ കേന്ദ്രങ്ങൾ. ഡെലിവറി സർവീസ് പാർട്ണർമാർ വഴിയാണ് ഇവിടങ്ങളിൽ സ്ത്രീകൾക്ക് ജോലി ലഭിക്കുക. ഓരോ കേന്ദ്രത്തിലും പ്രദേശത്തെ 50 ഓളം സ്ത്രീകൾക്ക് ജോലി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ലോജിസ്റ്റിക്സ് രംഗത്ത് സ്ത്രീകൾക്ക് തൊഴിലുറപ്പാക്കി, സ്ത്രീശാക്തീകരണത്തിന്റെ പാതയിൽ ഈ മേഖലയെ കൂടി ഉൾപ്പെടുത്താനുള്ള സാധ്യതയാണ് ആമസോൺ തുറന്നത്. ഗുജറാത്തിലെ കാഡിയിലും തമിഴ്നാട്ടിലെ ചെന്നൈയിലും കമ്പനിക്ക് ഇത്തരം ഓൾ വിമൻ കേന്ദ്രങ്ങളുണ്ട്.
ആമസോൺ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ എത്തിച്ചുകൊടുക്കുന്നതിനായി പ്രവർത്തിക്കുന്നവയാണ് ഈ ഡെലിവറി കേന്ദ്രങ്ങൾ. തങ്ങളുടെ പ്രവർത്തന പ്രക്രിയയിലെ ലാസ്റ്റ് പോയിന്റ് കൂടിയായാണ് ആമസോണിന് ഇത്തരം ഡെലിവറി കേന്ദ്രങ്ങളെ കാണുന്നത്. ഭൂരിഭാഗം ഡെലിവറി പാർട്ണർമാർക്കും ഇത് തങ്ങളുടെ ആദ്യ സംരംഭം കൂടിയാണ്. ഡെലിവറി പാർട്ണർമാരിലൂടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ഉൽപ്പന്നങ്ങൾ എത്തിക്കുകയെന്ന വലിയ ലക്ഷ്യമാണ് കമ്പനിക്ക് മുന്നിലുള്ളത്.