രത്തൻ ടാറ്റയിൽ നിന്ന് അമ്പത് ശതമാനം നിക്ഷേപം നേടിയെടുത്ത അർജുൻ ദേശ്‌പാണ്ഡേ എന്ന മിടുക്കൻ ആരാണ്?
55 പേരുടെ വീടുകളിലെ അടുപ്പു പുകയാൻ കാരണമാകുന്ന ബിസിനസ്സ് എന്റർപ്രൈസിന് പിന്നിലെ മസ്തിഷ്‌കം ഈ ടീനേജ് പയ്യന്റേതാണ്.
കൗശലവും പ്രായവും തമ്മിൽ കാര്യമായ ബന്ധമൊന്നുമില്ല എന്ന് തെളിയിക്കുകയാണ് മഹാരാഷ്ട്ര സ്വദേശിയായ അർജുൻ ദേശ്‌പാണ്ഡേ എന്ന യുവ സംരംഭകൻ. അർജുനും അവൻ തുടങ്ങിയ 'ജെനെറിക് ആധാർ' എന്ന സ്റ്റാർട്ട് അപ്പ് സ്ഥാപനവും അത് വീണ്ടും വീണ്ടും അടിവരയിട്ടു തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അർജുൻ രണ്ടുവർഷം മുമ്പ് ചെറിയതോതിൽ തുടങ്ങിയ ബിസിനസിൽ വ്യക്തിഗത നിക്ഷേപം നടത്താൻ മുന്നോട്ടുവന്നിട്ടുള്ളത് ഇന്ത്യൻ ബിസിനസ് ടൈക്കൂൺ ആയ രത്തൻ ടാറ്റയാണ്. ബിസിനസിന്റെ തുടക്കത്തിൽ തന്നെ രത്തൻ ടാറ്റയെപ്പോലെ ഒരു ബിസിനസ് മാഗ്നറ്റിന്റെ പിന്തുണ നേടാനായത് അർജുന്റെ ബിസിനസിന് അഭിമാനകരമായ ഒരു നേട്ടമാണ്.
"ജനറിക് മരുന്നുകളെ പരമാവധി വിലക്കുറവിൽ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ദൗത്യത്തിൽ ഞങ്ങളുടെ കമ്പനിക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്നാണ് കാണുന്നത്. പാവപ്പെട്ടവർക്ക് താങ്ങാനാവുന്ന നിരക്കിൽ ആരോഗ്യസേവനങ്ങൾ നൽകുക എന്നത് ടാറ്റയ്ക്കും ഏറെ താത്പര്യമുള്ള പ്രവർത്തന മേഖലയാണ്. അദ്ദേഹത്തിന്റെ സഹായത്തോടെ ഞങ്ങളുടെ കമ്പനി വളരെ പെട്ടെന്ന് അതിന്റെ ലക്ഷ്യത്തോടടുക്കും എന്നുതന്നെയാണ് പ്രതീക്ഷ " അർജുൻ തന്റെ ട്വീറ്റിലൂടെ അറിയിച്ചു. രത്തൻ ടാറ്റ ജെനെറിക് ആധാറിന്റെ അമ്പത് ശതമാനം ഷെയറുകളാണ് വാങ്ങിയിട്ടുള്ളത്.
മുംബൈയിൽ കൊവിഡ് ലോക്ക് ഡൗൺ തുടരുമ്പോൾ അർജുൻ തന്റെ പന്ത്രണ്ടാം ക്‌ളാസിന്റെ റിസൾട്ടിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഫുട്ബാളിനെ പ്രണയിക്കുന്ന, വായനാപ്രേമിയായ അർജുൻ പക്ഷേ നിങ്ങൾ കണ്ടു പരിചയിച്ചിട്ടുള്ള സാധാരണ ടീനേജർമാരിൽ ഒരാളല്ല. അവൻ ഇപ്പോൾ തന്നെ 55 പേർക്ക് തൊഴിൽ നൽകുന്ന ഒരു കമ്പനിയുടെ ഉടമസ്ഥനാണ്. അവരിൽ ഫാർമസിസ്റ്റുകളും, ഐടി പ്രൊഫഷണലുകളും, മാർക്കറ്റിങ് എക്സിക്യൂട്ടീവുകളും ഒക്കെയുണ്ട്. ഒരർത്ഥത്തിൽ 55 പേരുടെ വീടുകളിലെ അടുപ്പു പുകയാൻ കാരണമാകുന്ന ബിസിനസ്സ് എന്റർപ്രൈസിന് പിന്നിലെ മസ്തിഷ്‌കം ഈ ടീനേജ് പയ്യന്റേതാണ്.
ജെനെറിക് ആധാർ എന്ന കമ്പനിയുടെ സ്ഥാപക സിഇഒ ആണ് അർജുൻ ദേശ്‌പാണ്ഡേ. ഈ ഫാർമ ഡിസ്ട്രിബൂഷൻ കമ്പനി പ്രവർത്തിക്കുന്നത് അനന്യമായ ഒരു 'ഫാർമസി അഗ്രഗേറ്റർ' ബിസിനസ് മോഡലിൽ ആണ്. അർജുന്റെ കമ്പനി ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് നേരിട്ട് മരുന്നുവാങ്ങി ഫാർമസികൾക്ക് നേരിട്ട് നൽകുന്നു. അതുവഴി ഹോൾസെയിൽ ഡീലർമാരുടെ 16-20% വരെ വരുന്ന കമ്മീഷൻ സ്ഥാപനം ലാഭിക്കുന്നു.
ടാറ്റയുമായി ഉണ്ടാക്കിയ ബിസിനസ് ഡീലിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അർജുൻ തയ്യാറായിട്ടില്ല. നാലാഴ്ച മുമ്പാണ് അർജുന് ടാറ്റയ്ക്ക് മുന്നിൽ തന്റെ ബിസിനസ് പ്രൊപ്പോസൽ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചത്. രത്തൻ ടാറ്റയുടെ ഈ നിക്ഷേപം അദ്ദേഹത്തിന്റെ വ്യക്തിപരമായ നിക്ഷേപമാണ് എന്നും അതിന് ടാറ്റ ഗ്രൂപ്പുമായി ബന്ധമില്ല എന്നും ഗ്രൂപ്പിന്റെ വക്താക്കൾ അറിയിച്ചു. ഇതിനു മുമ്പ് ടാറ്റ ഇതുപോലെ മെന്റർ ചെയ്തിട്ടുള്ള ഓല, പേടിഎം, സ്നാപ്പ് ഡീൽ, അർബൻ ലാഡർ, ലെൻസ് കാർട്ട് തുടങ്ങിയ പല സ്ഥാപനങ്ങളും പിന്നീട് വൻ വിജയങ്ങൾ ആയിട്ടുണ്ട്.
രണ്ടു വർഷം മുമ്പ് അർജുൻ ദേശ്‌പാണ്ഡേ തുടങ്ങിയ ഈ കമ്പനിക്ക് ഇന്ന് ആറുകോടിയുടെ വാർഷിക വിറ്റുവരവുണ്ട്. മുംബൈ, പുണെ, ബാംഗ്ലൂർ, ഒഡിഷ എന്നിവിടങ്ങളിൽ നിന്നുള്ള മുപ്പതിലധികം റീട്ടെയിലർമാർ ഈ ചെയ്നിന്റെ ഭാഗമാണ്. പ്രോഫിറ്റ് ഷെയറിങ് അടിസ്ഥാനത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. മറ്റുള്ള വ്യവസ്ഥാപിത ഫാർമസികളിൽ നിന്നുള്ള മത്സരത്തെ അതിജീവിക്കാൻ സാധിക്കാതെ വരുന്ന ഒറ്റപ്പെട്ട ഫാർമസികളെ, ജെനെറിക് ആധാർ എന്ന ബ്രാൻഡിങ്ങിൽ കൂടുതൽ മെച്ചപ്പെട്ട കച്ചവടം നടത്താൻ അർജുൻ സഹായിക്കും.
അടുത്ത ഒരു വർഷത്തിനുള്ളിൽ ആയിരത്തിലധികം ഫ്രാഞ്ചൈസികൾ എന്ന ലക്ഷ്യമാണ് അർജുന്റെ മനസ്സിലുള്ളത്. മഹാരാഷ്ട്രക്ക് പുറമെ, ആന്ധ്ര, തമിഴ്നാട്, ഗുജറാത്ത്, ദില്ലി തുടങ്ങിയ മേഖലകളിലേക്കും തന്റെ ഫ്രാഞ്ചൈസികൾ വ്യാപിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്. ബിസിനസ്സിന്റെ തിരക്കുകൾക്കിടയിലും പഠിത്തം മുടങ്ങാതെ കൊണ്ടു പോകാനും അർജുൻ ദേശ്‌പാണ്ഡേ എന്ന ഈ കൊച്ചു മിടുക്കന് പ്ലാനുണ്ട്.