അംബാനിയുടെ റിലയൻസ് ജിയോയെ ലക്ഷ്യമിട്ട് രണ്ട് കമ്പനികൾ; ഈ മാസം തന്നെ കരാർ പൂർത്തിയായേക്കുമെന്ന് റിപ്പോർട്ടുകൾ
വിസ്തയുടെ നിക്ഷേപം ജിയോയ്ക്ക് ഇക്വിറ്റി മൂല്യമായി 4.91 ട്രില്യൺ രൂപയും (65 ബില്യൺ ഡോളർ) എന്റർപ്രൈസ് മൂല്യവും 5.16 ട്രില്യൺ രൂപയും നൽകിയതായി മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
റിലയൻസ് ഇൻഡസ്ട്രീസിന്റെ 65 ബില്യൺ ഡോളറിന്റെ ഡിജിറ്റൽ യൂണിറ്റായ റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമിൽ രണ്ട് കമ്പനികൾ കൂടി നിക്ഷേപം നടത്താൻ ലക്ഷ്യം വയ്ക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട്. യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ജനറൽ അറ്റ്ലാന്റിക് മുംബൈ ആസ്ഥാനമായുള്ള ജിയോയിൽ 850 മില്യൺ മുതൽ 950 മില്യൺ ഡോളർ വരെ നിക്ഷേപം നടത്താൻ ആലോചിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഒരു കരാറും അന്തിമമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം തന്നെ കരാർ പൂർത്തിയായേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ. ജിയോയിൽ ന്യൂനപക്ഷ ഓഹരി വാങ്ങാൻ സൗദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ടും (പിഐഎഫ്) ആലോചിക്കുന്നുണ്ടെന്നും വാർത്തകൾ പുറത്തുവന്നു.
റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ ജനറൽ അറ്റ്ലാന്റിക് വിസമ്മതിച്ചു. ജിയോയോടും പിഐഎഫിനോടും നിക്ഷേപത്തെപ്പറ്റി ചോദിച്ചെങ്കിലും പ്രതികരിക്കാൻ അവരും തയ്യാറായില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ജിയോയുടെ 1.5 ബില്യൺ ഡോളർ ഓഹരി വിസ്ത ഇക്വിറ്റി പാർട്ണർമാർക്ക് കഴിഞ്ഞ ദിവസം വിൽപ്പന നടത്തിയിരുന്നു. ഇത് രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ കരാറാണ്.
ഏപ്രിൽ 22 ന് ജിയോയിലെ 9.99 ശതമാനം ഓഹരികൾ ഫേസ്ബുക്ക് വാങ്ങിയിരുന്നു. 5.7 ബില്യൺ ഡോളറിന്റെ കരാറായിരുന്നു ഇത്. ഏതാനും ദിവസങ്ങൾക്ക് ശേഷം സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിൽവർ ലേക്ക് നിന്ന് 750 മില്യൺ ഡോളറിന്റെ നിക്ഷേപവും ജിയോ നേടിയെടുത്തു.
മൂന്ന് ഡീലുകളിലുമായി ചേർത്ത് ടെലികോം-ടു-എനർജി ഗ്രൂപ്പിന് ലഭിച്ച എട്ട് ബില്യൺ ഡോളർ സംയോജിപ്പിച്ച് ആർഐഎല്ലിന്റെ (റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്) കടങ്ങൾ വീട്ടും.
വിസ്തയുടെ നിക്ഷേപം ജിയോയ്ക്ക് ഇക്വിറ്റി മൂല്യമായി 4.91 ട്രില്യൺ രൂപയും (65 ബില്യൺ ഡോളർ) എന്റർപ്രൈസ് മൂല്യവും 5.16 ട്രില്യൺ രൂപയും നൽകിയതായി മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ന്യൂയോർക്ക് ആസ്ഥാനമായുള്ള ജനറൽ അറ്റ്ലാന്റിക്, 300 ബില്യൺ ഡോളർ ആസ്തി കൈകാര്യം ചെയ്യുന്ന സൗദി പരമാധികാര സ്വത്ത് ഫണ്ട് (പിഐഎഫ്) എന്നിവയിൽ നിന്നുള്ള നിക്ഷേപം കൂടി എത്തുന്നതോടെ ജിയോ സമാഹരിച്ച തുക എട്ട് ബില്യൺ ഡോളറിന് മുകളിലേക്ക് പോകുമെന്നുറപ്പാണ്.
സൗദിയിലെ പിഐഎഫ് നിരവധി കമ്പനികളുടെ ന്യൂനപക്ഷ ഓഹരികൾ അടുത്തകാലത്തായി വാങ്ങിയിട്ടുണ്ട്.