അന്തിമ തീരുമാനം എടുക്കരുത്, രേഖാമൂലം മറുപടി വേണമെന്നും സുപ്രീം കോടതി; ആമസോൺ-ഫ്യൂച്ചർ-റിലയൻസ് പോര് മുറുകുന്നു
ഇടപാട് സംബന്ധിച്ച് അനുമതി നൽകാനുളള എൻസിഎൽടിയുടെ നടപടികൾ ഇതോടെ നിർത്തിവയ്ക്കേണ്ടി വരും.
ദില്ലി: ഫ്യൂച്ചർ ഗ്രൂപ്പ് - റിലയൻസ് ഓഹരി ഇടപാടിൽ ദേശീയ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) അന്തിമ തീരുമാനം എടുക്കരുതെന്ന് സുപ്രീം കോടതി. ഓഹരി വിൽപ്പന ഇടപാട് സംബന്ധിച്ച് വാദം പൂർത്തിയാകും വരെ തൽസ്ഥിതി തുടരാനും കോടതി നിർദ്ദേശിച്ചു.
ഇടപാട് സംബന്ധിച്ച് അനുമതി നൽകാനുളള എൻസിഎൽടിയുടെ നടപടികൾ ഇതോടെ നിർത്തിവയ്ക്കേണ്ടി വരും. അമേരിക്കൻ ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ നൽകിയ ഹർജിയിലാണ് കോടതിയുടെ തീരുമാനം. ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡും റിലയൻസും തമ്മിലുളള 24,713 കോടി രൂപയുടെ ഓഹരി ഇടപാടിനാണ് ഇതോടെ തടസ്സം നേരിട്ടത്.
നേരത്തെ ദില്ലി ഹൈക്കോടതിയെ ആമസോൺ സമീപിച്ചിരുന്നെങ്കിലും ഇടപാടുമായി മുന്നേട്ട് പോകാൻ റിലയൻസിനും ഫ്യൂച്ചർ ഗ്രൂപ്പിനും അനുമതി ലഭിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ആമസോൺ സുപ്രീം കോടതിയിലേക്ക് നീങ്ങിയത്. റിലയൻസിന് ഓഹരി വിൽക്കാനുളള ഫ്യൂച്ചർ ഗ്രൂപ്പിന്റെ തീരുമാനത്തിന് എതിരെ പങ്കാളിത്ത കരാർ ലംഘിച്ചെന്നാരോപിച്ചാണ് ആമസോൺ നിയമ പോരാട്ടം തുടങ്ങിയത്. സിംഗപ്പൂർ തർക്കപരിഹാര ട്രൈബ്യൂണലിൽ നിന്ന് ആമസോൺ ഓഹരി ഇടപാടിന് സ്റ്റേ നേടിയെടുത്തിരുന്നു.
ഹർജി സംബന്ധിച്ച് രേഖാമൂലം മറുപടി നൽകാൻ ഫ്യൂച്ചർ റീട്ടെയിലിന് കോടതി നോട്ടീസ് നൽകി. അതിന് ശേഷം കേസിൽ കോടതി വിശദമായ വാദം കേൾക്കും.