സൗത്ത് ഇന്ത്യൻ ബാങ്കിന് നാല് ഐബിഎ പുരസ്കാരങ്ങൾ
"ഈ വർഷത്തെ മികച്ച ടെക്നോളജി ബാങ്ക്" എന്ന വിഭാഗത്തിൽ റണ്ണർ-അപ്പ് സ്ഥാനവും ബാങ്ക് നേടി.
കൊച്ചി: 2021 മാർച്ച് 17ന് നടന്ന ഐബിഎ ബാങ്കിങ് ടെക്നോളജി പുരസ്കാര വേദിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് മികച്ച നേട്ടം. ഏറെ പ്രശസ്തമായ ബാങ്കിങ് ടെക്നോളജി പുരസ്കാരങ്ങളുടെ 16-ാമത് പതിപ്പിൽ നാല് പുരസ്കാരങ്ങളാണ് സൗത്ത് ഇന്ത്യൻ ബാങ്കിന് ലഭിച്ചത്.
ഏറ്റവും നൂതനമായ പദ്ധതി, വിവര സാങ്കേതിക വിദ്യയുടെയും ഡേറ്റ അനലിറ്റിക്സിന്റെയും മികച്ച ഉപയോഗം, മികച്ച ഐടി റിസ്ക്, സൈബർ സുരക്ഷിതത്വ ഉദ്യമങ്ങൾ, എന്നീ വിഭാഗങ്ങളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 'ഈ വർഷത്തെ മികച്ച ടെക്നോളജി ബാങ്ക്' എന്ന വിഭാഗത്തിൽ റണ്ണർ-അപ്പ് സ്ഥാനവും ബാങ്ക് നേടി.
മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മുരളി രാമകൃഷ്ണൻ, സിജിഎമ്മും സിഐഒയുമായ റാഫേൽ ടിജെ എന്നിവർ, ഐബിഎ സംഘടിപ്പിച്ച വെർച്വൽ സമ്മേളനത്തിൽ വിജയികളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു.
'തടസ്സമില്ലാത്ത ബാങ്കിങ്ങിന്റെ കാലഘട്ടം' ആഘോഷിക്കുന്ന ഐബിഎ പുരസ്കാരങ്ങൾ 2021ൽ കേപ്ജെമിനിയാണ് നോളജ് പാർട്ണർ. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുതുമകൾ പ്രകടിപ്പിച്ച സാങ്കേതികവിദ്യയ്ക്കും പ്രവൃത്തികൾക്കും അർഹിക്കുന്ന അംഗീകാരം നൽകുകയാണ് ഐബിഎ പുരസ്കാരങ്ങളുടെ ഉദ്ദേശ്യം.