എല്ലാത്തരം ഉല്‍പ്പന്നങ്ങളുടെയും വിതരണം പുനരാരംഭിച്ച് സ്‌നാപ്ഡീല്‍

ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലെ ആദ്യ ദിവസം മാത്രം ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിന്ന് 75% ഓര്‍ഡറുകള്‍ സ്‌നാപ്ഡീലിന് ലഭിച്ചു.

Snapdeal resumes delivery of non- essential products

തിരുവനന്തപുരം: മെയ് നാലു മുതല്‍ പ്രാബല്യത്തില്‍ വന്ന സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അവശ്യ സാധനങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഉല്‍പ്പന്നങ്ങളുടെയും വിതരണം പുനരാരംഭിച്ചതായി സ്‌നാപ്ഡീല്‍. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ആവശ്യ ഉല്‍പ്പന്നങ്ങളുടെ തുടര്‍ച്ചയായ വിതരണവും കമ്പനി പുനരാരംഭിച്ചിട്ടുണ്ട്. സാധ്യമാകുന്നിടത്തെല്ലാം അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനൊപ്പം വീട്ടുപകരണങ്ങള്‍ എത്തിക്കുന്നതിനും കമ്പനി മുന്‍ഗണന നല്‍കുന്നു.

ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലെ ആദ്യ ദിവസം മാത്രം ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിന്ന് 75% ഓര്‍ഡറുകള്‍ സ്‌നാപ്ഡീലിന് ലഭിച്ചു. സ്റ്റീല്‍ പാത്രങ്ങള്‍, സ്‌റ്റേഷനറി, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, പവര്‍ ബാങ്കുകള്‍, ഫോണ്‍, ലാപ്‌ടോപ്പ്, ചാര്‍ജറുകള്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് ആദ്യദിനം പ്രധാനമായും ഡെലിവറി ചെയ്തു തുടങ്ങിയത്. ഇതില്‍ 40% ഓര്‍ഡറുകള്‍ ഓറഞ്ച് സോണില്‍ നിന്നും 35% ഗ്രീന്‍ സോണില്‍ നിന്നുമായിരുന്നു. 

രാജ്യത്തെ മറ്റു പ്രധാന സ്ഥലങ്ങള്‍ക്കൊപ്പം തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലും അവശ്യ സാധനങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഉല്‍പ്പന്നങ്ങളുടെ വിതരണം പുനരാരംഭിച്ചിട്ടുണ്ട്. നിയന്ത്രിതമല്ലാത്ത മേഖലകളിലെ 80 -90 ശതമാനം വില്‍പ്പനക്കാരും ഈ ആഴ്ചയോടെ പ്ലാറ്റ്‌ഫോമില്‍ സജീവമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള ചെറിയ നഗരങ്ങളിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കാണ് സ്‌നാപ്ഡീല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്ലാറ്റ്‌ഫോമിലെ 80% ഉപയോക്താക്കളും രണ്ടും, മൂന്നും നിര നഗരങ്ങളില്‍ നിന്നുള്ളവരാണ്. ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ സ്‌നാപ്ഡീലിലെ ഉപയോക്താക്കളുടെ ഷോപ്പിങ് കാര്‍ട്ടുകളിലെയും വിഷ് ലിസ്റ്റുകളിലെയും ഉല്‍പ്പന്നങ്ങളില്‍ 24 ഇരട്ടി വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.  

Latest Videos
Follow Us:
Download App:
  • android
  • ios