ലാഭത്തില്‍ നാല് മടങ്ങ് വര്‍ധന, മാര്‍ച്ച് പാദത്തില്‍ വന്‍ കുതിപ്പ് നടത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ 838.40 കോടി രൂപയായിരുന്നു അറ്റ ലാഭം.
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐക്ക് അറ്റ ലാഭത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ മൊത്ത ലാഭത്തില്‍ നാല് മടങ്ങ് വര്‍ധനയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രേഖപ്പെടുത്തിയത്. മാര്‍ച്ച് 31 അവസാനിച്ച പാദത്തിൽ ബാങ്കിന്റെ അറ്റ ലാഭം 3,580.81 കോടി രൂപയാണ്.
മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ 838.40 കോടി രൂപയായിരുന്നു അറ്റ ലാഭം. രാജ്യം കൊവിഡ് പ്രതിസന്ധിയുടെ അഞ്ചാം ഘട്ട ലോക്ക്ഡൗണിലൂടെ കടന്നുപോകുന്നതിനിടെയാണ് എസ്ബിഐ പാദഫലങ്ങള്‍ പ്രസദ്ധീകരിക്കുന്നത്.
2019 -20 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ പ്രവര്‍ത്തന വരുമാനം 76,027.51 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 75,670.50 കോടി രൂപയായിരുന്നു. എസ്ബിഐ നടത്തിയ റെഗുലേറ്ററി ഫയലിംഗിലാണ് ഈ വിവരങ്ങളുളളത്. എന്നാല്‍, അറ്റ പലിശ വരുമാനത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. മാര്‍ച്ച് 31 ന് അവസാനിച്ച് പാദത്തില്‍ 22,767 കോടിയായിരുന്നു അറ്റ പലിശ വരുമാനം എങ്കില്‍ മുന്‍ വര്‍ഷം ഇത് 22,954 കോടി രൂപയായിരുന്നു.