സൗദി അരാംകോ ചെയർമാൻ റിലയൻസ് ബോർഡിലേക്ക്: നിക്ഷേപ സമാഹരണത്തിൽ റെക്കോർഡ്; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുകേഷ് അംബാനി
ഏറെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ പോലും, റിലയൻസിന്റെ പ്രകടനം മികച്ചതായി തുടർന്നു. ഏകീകൃത വരുമാനം 5.4 ട്രില്യൺ രൂപയായിരുന്നു
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി കമ്പനിയുടെ 44-ാമത് എജിഎമ്മിൽ (വാർഷിക യോഗം) ഓഹരി ഉടമകളെ അഭിസംബോധന ചെയ്ത്, കമ്പനിയുടെ പ്രകടനത്തെക്കുറിച്ചു ഭാവി പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു.
"കൊവിഡ് വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ വാർഷിക യോഗത്തിന് ശേഷമുള്ള കാലയളവിൽ ഞങ്ങളുടെ ബിസിനസും സാമ്പത്തിക വിജയവും പ്രതീക്ഷകളെക്കാൾ മികച്ചതായിരുന്നു. എന്നാൽ ഞങ്ങളുടെ ബിസിനസ്സ് പ്രകടനത്തേക്കാൾ വലിയ സന്തോഷം എനിക്ക് സമ്മാനിച്ചത് ഈ പ്രയാസകരമായ സമയങ്ങളിൽ റിലയൻസ് ഇൻഡസ്ട്രീസ് നടത്തിയ മാനുഷിക സാമൂഹിക ഇടപെടലുകളാണ്, ”മുകേഷ് അംബാനി പറഞ്ഞു.
ഏറെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ പോലും, റിലയൻസിന്റെ പ്രകടനം മികച്ചതായി തുടർന്നു. ഏകീകൃത വരുമാനം 5.4 ട്രില്യൺ രൂപയായിരുന്നു, ഏകീകൃത ഇബിഐടിഡിഎ 98,000 കോടി രൂപയായിരുന്നു, ഇബിഐടിഡിഎയുടെ 50% ഉപഭോക്തൃ ബിസിനസുകളാണ് സംഭാവന ചെയ്തതെന്നും അംബാനി ഓഹരി ഉടമകളെ അറിയിച്ചു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ആർഐഎല്ലിന്റെ സംഭാവനകൾ താരതമ്യപ്പെടുത്താനാവില്ല. ഇന്ത്യയുടെ ചരക്ക് കയറ്റുമതിയുടെ 6.8%, 75,000 പുതിയ ജോലികൾ, 21,044 കോടി കസ്റ്റംസ് പ്ലസ് എക്സൈസ്, 85,306 കോടി ജിഎസ്ടി പ്ലസ് വാറ്റ്, 3,213 കോടി ആദായനികുതി, എന്നിവ റിലയൻസാണ് സംഭവന ചെയ്തത്.
ആർഐഎൽ 44.4 ബില്യൺ ഡോളർ മൂലധന സമാഹരണം നടത്തി. ആഗോളതലത്തിൽ ഒരു വർഷത്തിൽ ഏതൊരു കമ്പനിയും നടത്തിയതിൽ വച്ച് ഏറ്റവും വലിയ മൂലധന സമാഹരണമാണിത്. “ഈ മൂലധന വർദ്ധനവ് ഇന്ത്യയുടെ വളർച്ചാ സാധ്യതകളിൽ ആഗോള നിക്ഷേപകരുടെ ശക്തമായ വിശ്വാസ വോട്ടാണ്,” അംബാനി പറഞ്ഞു.
സൗദി അരാംകോ ചെയർമാനും പിഐഎഫ് ഗവർണറുമായ യാസിർ അൽ റുമയ്യൻ സ്വതന്ത്ര ഡയറക്ടറായി ബോർഡ് ഓഫ് റിലയൻസ് ഇൻഡസ്ട്രീസിൽ ചേരുമെന്നും അംബാനി അറിയിച്ചു. അദ്ദേഹം ഞങ്ങളുടെ ബോർഡിൽ ചേരുന്നത് റിലയൻസിന്റെ അന്താരാഷ്ട്രവൽക്കരണത്തിന്റെ തുടക്കമാണെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു.
"സൗദി അരാംകോയും റിലയൻസും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ സാക്ഷ്യമാണിത്. ഈ പകർച്ചവ്യാധി സമയത്ത് പോലും തുടർച്ചയായ ഇടപെടലുകളും ഇരുവശത്തുനിന്നും ദൃഢനിശ്ചയത്തോടെയുളള പ്രവർത്തനങ്ങളുണ്ടായി. ഈ വർഷം ഞങ്ങളുടെ പങ്കാളിത്തത്തിൽ വേഗത്തിലുളള വളർച്ചയുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”
“ഞങ്ങളുടെ ഓയിൽ ടു കെമിക്കൽ ബിസിനസ്സ് വർഷത്തിന്റെ തുടക്കത്തിൽ കടുത്ത സാമ്പത്തിക സങ്കോച ഫലമായി കുടുത്ത വെല്ലുവിളികളെ നേരിട്ടു. എന്നിട്ടും ആഗോളതലത്തിൽ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുകയും ഓരോ പാദത്തിലും ലാഭകരമായിരിക്കുകയും ചെയ്ത ഒരേയൊരു കമ്പനി ഞങ്ങളായിരിക്കാം, ”
“ഒരു ഇന്ത്യൻ കമ്പനിയുടെ എക്കാലത്തെയും വലിയതും വിജയകരവുമായ അവകാശ ഇഷ്യു ഇപ്രാവശ്യം കമ്പനി ഓഹരി ഉടമകൾക്ക് നൽകി. ഞങ്ങളുടെ റീട്ടെയിൽ ഷെയർഹോൾഡർമാർക്ക് അവരുടെ ഓഹരികളിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ നാല് മടങ്ങ് വരുമാനം നേടിയെടുക്കാനായി,” അംബാനി കൂട്ടിച്ചേർത്തു.
"ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ വിപണികളിലൊന്നായ ഇന്ത്യയ്ക്ക് ആഗോള ഊർജ്ജ വ്യവസ്ഥതിയെ മാറ്റിമറിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ സാധിക്കും. ആഗോളതലത്തിൽ റിലയൻസ് ന്യൂ എനർജി കൗൺസിൽ ഞങ്ങൾ സ്ഥാപിച്ചു. ജംനഗറിലെ 5,000 ഏക്കറിൽ ധീരുഭായ് അംബാനി ഗ്രീൻ എനർജി ഗിഗാ കോംപ്ലക്സ് വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ സംയോജിത പുനരുപയോഗ ഊർജ്ജ ഉൽപാദന സൗകര്യങ്ങളിൽ ഒന്നായിരിക്കും ഇത്. സോളാർ ഫോട്ടോവോൾട്ട്‍യ്ക്ക് മൊഡ്യൂൾ ഫാക്ടറി, എനർജി സ്റ്റോറേജ് ബാറ്ററി ഫാക്ടറി, ഇലക്ട്രോലൈസർ ഫാക്ടറി, ഇന്ധന സെൽ ഫാക്ടറി തുടങ്ങിയ ന്യൂ എനർജി ഇക്കോസിസ്റ്റത്തിന്റെ എല്ലാ നിർണായക ഘടകങ്ങളും നിർമ്മിക്കാനും സംയോജിപ്പിക്കാനും നാല് ഗിഗാ ഫാക്ടറികൾ നിർമ്മിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു, ”
"അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ സംരംഭങ്ങളിൽ 60,000 കോടി രൂപ നിക്ഷേപിക്കും. മൂല്യ ശൃംഖല, പങ്കാളിത്തം, അപ് സ്ട്രീം, ഡൗൺസ്ട്രീം വ്യവസായങ്ങൾ ഉൾപ്പെടെയുള്ള ഭാവി സാങ്കേതികവിദ്യകൾ എന്നിവയിൽ 15,000 കോടി രൂപ അധികമായി ഞങ്ങൾ നിക്ഷേപിക്കും. അങ്ങനെ, ന്യൂ എനർജി ബിസിനസ്സിലെ ഞങ്ങളുടെ മൊത്തം നിക്ഷേപം മൂന്ന് വർഷത്തിനുള്ളിൽ 75,000 കോടി രൂപയായിരിക്കും, ”കമ്പനിയുടെ ഭാവി പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദമാക്കി.