സഞ്ജീവ് ഗുപ്തയ്ക്ക് എതിരെ കോടതിയെ സമീപിച്ച് ടാറ്റ ഗ്രൂപ്പ്
വൈറ്റ് ഓക് ഗ്ലോബൽ അഡ്വൈസേർസിൽ നിന്ന് 200 ദശലക്ഷം പൗണ്ടിന്റെ വായ്പ ഇവർക്ക് വ്യാഴാഴ്ച ലഭിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് കിട്ടേണ്ട തുക തങ്ങൾക്ക് കിട്ടിയേ തീരൂ എന്ന നിലപാടിലാണ് ടാറ്റ.
ലണ്ടൻ: സഞ്ജീവ് ഗുപ്തയുടെ മൂന്ന് മെറ്റൽ യൂണിറ്റുകൾക്കെതിരെ 79 ലക്ഷം പൗണ്ട് (1.1 കോടി ഡോളർ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ടാറ്റ സ്റ്റീൽ കോടതിയെ സമീപിച്ചു. ലണ്ടനിലാണ് കേസ് കൊടുത്തിരിക്കുന്നത്. 2017 ൽ ടാറ്റയുടെ സ്പെഷാലിറ്റി സീറ്റിൽ ബിസിനസ് 100 ദശലക്ഷം പൗണ്ടിന് ലിബേർട്ടി ഹൗസ് ഗ്രൂപ്പിന് വിറ്റതുമായി ബന്ധപ്പെട്ടാണ് കേസ്.
കൊവിഡിനെ തുടർന്ന് ബിസിനസിന് തിരിച്ചടിയാണെന്ന് 2020 മെയ് മാസത്തിൽ ടാറ്റയുടെ യുകെയിലെ സഹോദര സ്ഥാപനത്തെ ലിബേർട്ടി ഗ്രൂപ്പ് അറിയിച്ചിരുന്നു. തങ്ങളുടെ ഏറ്റവും വലിയ സാമ്പത്തിക സഹായ സ്ഥാപനമായ ഗ്രീൻസിൽ കാപിറ്റൽ തകർന്നതോടെ, സാമ്പത്തിക സഹായത്തിന് ഗുപ്തയുടെ ബിസിനസ് മറ്റൊരു സ്ഥാപനത്തിന്റെ പിന്തുണ തേടിയിരിക്കുകയായിരുന്നു.
വൈറ്റ് ഓക് ഗ്ലോബൽ അഡ്വൈസേർസിൽ നിന്ന് 200 ദശലക്ഷം പൗണ്ടിന്റെ വായ്പ ഇവർക്ക് വ്യാഴാഴ്ച ലഭിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് കിട്ടേണ്ട തുക തങ്ങൾക്ക് കിട്ടിയേ തീരൂ എന്ന നിലപാടിലാണ് ടാറ്റ. അതിനാൽ തന്നെ മെയ് ഒന്നിന് മുൻപ് നൽകാനുള്ള പണം നൽകിയില്ലെങ്കിൽ 10 ദശലക്ഷം പൗണ്ട് അധികം തരണം എന്നും കോടതിയിൽ ടാറ്റയുടെ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ തുക കൈമാറ്റത്തെപ്പറ്റി, ടാറ്റാ ഗ്രൂപ്പോ, ഗുപ്തയുടെ ജിഎഫ്ജി അലയൻസോ കൂടുതൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona