കുതിച്ച് തുടങ്ങി സാംസങ്; ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ ഒന്നാമൻ
ഷവോമിയാണ് മൂന്നാമത്. 15 ശതമാനമാണ് വിപണി വിഹിതം.
മുംബൈ: ഈ വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങൾ പിന്നിട്ടപ്പോൾ ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ ഒന്നാം സ്ഥാനം സാംസങിന്. 23 ശതമാനമാണ് വിപണി വിഹിതം. മൂന്ന് മാസത്തിൽ 77 ദശലക്ഷം സ്മാർട്ട്ഫോണുകൾ വിറ്റാണ് കമ്പനി നേട്ടം കൊയ്തത്.
ആപ്പിൾ 57 ദശലക്ഷം യൂണിറ്റ് ഐഫോണുകൾ ലോകമാകെ വിറ്റ് രണ്ടാമതെത്തി. 17 ശതമാനമാണ് വിപണിയിലെ കമ്പനിയുടെ ഓഹരി. ഷവോമിയാണ് മൂന്നാമത്. 15 ശതമാനമാണ് വിപണി വിഹിതം. തൊട്ടുമുൻപത്തെ വർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
2021 ലെ ആദ്യ മൂന്ന് മാസത്തിൽ ആഗോള തലത്തിൽ 340 ദശലക്ഷം സ്മാർട്ട്ഫോണുകളാണ് വിറ്റഴിക്കപ്പെട്ടത്. മുൻ വർഷത്തെ അപേക്ഷിച്ച് 24 ശതമാനമാണ് വളർച്ച. 2015 ന് ശേഷമുള്ള ഏറ്റവും വലിയ വളർച്ചയാണിത്. ഷവോമിക്ക് ഇന്ത്യയിലും ചൈനയിലും മികച്ച സ്വീകാര്യത നേടാനായതും യൂറോപ്പിലും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും കാലൂന്നാനായതും നേട്ടത്തിന് കാരണമായി.