കൊവിഡ് പകർച്ചവ്യാധി: പ്രാദേശിക ഓഫീസുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ച് റോയൽ എൻഫീൽഡ്
ഒരു ഡസനോളം പ്രാദേശിക ഓഫീസുകൾ അടച്ചുപൂട്ടാനാണ് കമ്പനിയുടെ ആലോചന.
മുംബൈ: കൊവിഡ് പകർച്ചവ്യാധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ചെലവ് ചുരുക്കൽ ലക്ഷ്യമിട്ട് പ്രാദേശിക ഓഫീസുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ റോയൽ എൻഫീൽഡ്. ഇരുചക്ര വാഹന പ്രേമികളുടെ ഹരമായ ബുള്ളറ്റ്, ക്ലാസിക് മോട്ടോർസൈക്കിളുകളുടെ നിർമ്മാതാവാണ് റോയൽ എൻഫീൽഡ്.
ഒരു ഡസനോളം പ്രാദേശിക ഓഫീസുകൾ അടച്ചുപൂട്ടാനാണ് കമ്പനിയുടെ ആലോചന. ജീവനക്കാർക്ക് നൽകിയ ആഭ്യന്തര സർക്കുലറിലൂടെയാണ് തീരുമാനം കമ്പനി പുറത്തുവിട്ടതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
ഗുഡ്ഗാവ്, ചെന്നൈ, ബാംഗ്ലൂർ, മുംബൈ, ത്സാർഖണ്ഡ്, ഹൈദരാബാദ്, ഭുവനേശ്വർ തുടങ്ങിയ ഓഫീസുകൾ ഉടൻ അടച്ചുപൂട്ടും. ഈ പ്രദേശങ്ങളിലെ വിൽപ്പന, സേവനം, അപ്പാരൽ തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന നില തുടരാമെന്ന് കമ്പനി സർക്കുലറിൽ പറയുന്നു.