ഇ- ഫാർമസി സ്ഥാപനമായ നെറ്റ്മെഡ്‌സിന്റെ ഓഹരികൾ വാങ്ങാൻ റിലയൻസ്
നെറ്റ്മെഡ്സിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് ഇ -കൊമേഴ്സ് രംഗത്തേക്കുള്ള വരവിൽ കൂടുതൽ മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം.
ബെംഗളൂരു: ഓൺലൈൻ ഫാർമസി സ്ഥാപനമായ നെറ്റ്മെഡ്‌സിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങാൻ റിലയൻസ് ഇൻഡസ്ട്രീസ് ചർച്ചകൾ തുടങ്ങിയതായാണ് റിപ്പോർട്ട്. ഇ-കൊമേഴ്സ് രംഗത്ത് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. റിലയൻസ് ഇൻഡസ്ട്രീസോ, സഹോദര സ്ഥാപനങ്ങളോ വഴി നെറ്റ്മെഡ്സിൽ 130 മുതൽ 150 ദശലക്ഷം ഡോളർ വരെ നിക്ഷേപിക്കാനാണ് ശ്രമം.
നെറ്റ്മെഡ്സിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് ഇ -കൊമേഴ്സ് രംഗത്തേക്കുള്ള വരവിൽ കൂടുതൽ മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. 2015 ലാണ് നെറ്റ്മെഡ്സ് പ്രവർത്തനം തുടങ്ങിയത്. 100 ദശലക്ഷം ഡോളറിന്റെ നിക്ഷേപം കമ്പനിയിൽ ഇതുവരെ നടന്നിട്ടുണ്ടെന്നാണ് കണക്ക്.
എന്നാൽ, ഈ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥിരീകരിക്കാനോ, വിശദീകരണം നൽകാനോ റിലയൻസ് തയ്യാറായിട്ടില്ല. നെറ്റ്മെഡ്സ് സ്ഥാപകനായ പ്രദീപ് ദാധയും ഇപ്പോൾ പ്രതികരണത്തിനില്ലെന്നാണ് ഇക്കണോമിക് ടൈംസിനോട് പറഞ്ഞത്.
കൊവിഡ് ലോക്ക്ഡൗണിന് മുൻപ് തന്നെ ചർച്ചകൾ തുടങ്ങിയിരുന്നു. റിലയൻസ് ഇന്റസ്ട്രീസ് ഇ -കൊമേഴ്സ് രംഗത്തേക്ക് കടന്നുവരാൻ ഒരുങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഓൺലൈൻ വിപണന രംഗത്ത് വലിയ നിക്ഷേപത്തിനുള്ള നീക്കങ്ങൾ തുടങ്ങിയത്.