മരുന്ന് വിൽപ്പനയിൽ ഇടിവ്, ലോക്ക്ഡൗണിൽ അണുബാധയ്ക്കുളള സാധ്യത കുറഞ്ഞതായും റിപ്പോർട്ട്
കാർഡിയാക് കെയർ മരുന്നുകളുടെ വിൽപ്പന ഏപ്രിൽ മാസത്തെക്കാൾ 3.9 ശതമാനം വർധിച്ചപ്പോൾ പ്രമേഹ രോഗത്തിനുളള മരുന്നുകളുടെ വിൽപ്പന 1.1 ശതമാനം വർധിച്ചു.
മുംബൈ: കൊവിഡ് -19 ലോക്ക്ഡൗൺ മൂലമുണ്ടായ തടസ്സം തുടരുന്നതിനാൽ മരുന്ന് വിൽപ്പന മെയ് മാസത്തിൽ ഒമ്പത് ശതമാനം കുറഞ്ഞ് 10,342 കോടി രൂപയായി. പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ AIOCD-AWACS ആണ് വിവരങ്ങൾ പുറത്തുവിട്ടത്.
"കൊവിഡ് പ്രതിസന്ധി ഐപിഎമ്മിനെ (ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിനെ) ബാധിച്ചു, മെയ് മാസത്തിൽ നെഗറ്റീവ് വളർച്ചയാണ് ഇത് കാണിക്കുന്നത്. ചില ചികിത്സാരീതികളിൽ പുനരുജ്ജീവനത്തിന് തെളിവുകളുണ്ടെങ്കിലും (മൊത്തത്തിൽ) ഐപിഎം മെയ് മാസത്തിൽ 8.9 ശതമാനം നെഗറ്റീവ് വളർച്ച തുടർന്നു, ”മാർക്കറ്റ് റിസർച്ച് സ്ഥാപനം പറഞ്ഞു.
കാർഡിയാക് കെയർ മരുന്നുകളുടെ വിൽപ്പന ഏപ്രിൽ മാസത്തെക്കാൾ 3.9 ശതമാനം വർധിച്ചപ്പോൾ പ്രമേഹ രോഗത്തിനുളള മരുന്നുകളുടെ വിൽപ്പന 1.1 ശതമാനം വർധിച്ചു.
ചികിത്സാ മേഖലകളിൽ, ആൻറി-ഇൻഫെക്റ്റീവുകളെയാണ് കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത്. ഏറ്റവും വലിയ ചികിത്സാ വിഭാഗമായ ആൻറി-ഇൻഫെക്റ്റീവ് മരുന്നുകളുടെ വിൽപ്പന അഞ്ചിലൊന്ന് കുറഞ്ഞ് 1,104 കോടി രൂപയായി. ഇതാണ് ആകെ വിൽപ്പന ഇടിവിന് ഇടയാക്കിയ പ്രധാന കാരണം.
ഡോക്ടർമാരുടെ സന്ദർശനത്തിലെ അപര്യാപ്തതയാണ് അണുബാധയ്ക്കുള്ള മരുന്ന് വിൽപ്പന കുറയാൻ കാരണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കോവിഡ് -19 ലോക്ക്ഡൗണിനിടെ മിക്ക ആളുകളും വീട്ടിൽ തന്നെ കഴിയുന്നതിനാൽ അണുബാധയ്ക്കുള്ള സാധ്യതയും കുറഞ്ഞതായി പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.