കൊവിഡ് രണ്ടാം തരംഗം: നേട്ടമുണ്ടാക്കി മരുന്ന് കമ്പനികൾ, തിരിച്ചടി നേരിട്ട് ഓട്ടോമൊബൈൽ രംഗം, നേട്ടത്തോടെ ഐടി
ഏറ്റവും തിരിച്ചടി നേരിട്ട വിഭാഗം ഓട്ടോമൊബൈൽ കമ്പനികളാണ്.
മുംബൈ: കൊവിഡിന്റെ രണ്ടാം വ്യാപനം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ച ഏപ്രിൽ ജൂൺ മാസങ്ങളിലും കോർപറേറ്റ് കമ്പനികളുടെ വരുമാനം ഉയർന്നതായി ഐസിഐസിഐ ഡയറക്ട് റിസർച്ച്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയതാകട്ടെ മരുന്ന് കമ്പനികളും.
ഐടി സെക്ടറിലും നേട്ടമുണ്ടായെന്നാണ് റിപ്പോർട്ട്. 2021-22 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ കോർപറേറ്റ് കമ്പനികളിൽ ഏറ്റവും നേട്ടമുണ്ടാക്കിയത് ഫാർമ കമ്പനികളാണ്. ഇതിൽ തന്നെ ഡൊമസ്റ്റിക് ബ്രാന്റഡ് ഫോർമുലേഷൻ സെഗ്മെന്റ് കൂടുതൽ നേട്ടമുണ്ടാക്കി.
ഏറ്റവും തിരിച്ചടി നേരിട്ട വിഭാഗം ഓട്ടോമൊബൈൽ കമ്പനികളാണ്. ഐടി സെക്ടറിൽ ടയർ 1 കമ്പനികൾ 5.2 ശതമാനം നേട്ടമുണ്ടാക്കി. ടയർ 2 കമ്പനികൾ 8.2 ശതമാനം മുന്നേറി.
രാജ്യത്തെമ്പാടും ഏപ്രിൽ ജൂൺ കാലത്ത് കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ഇതിനെ മറികടക്കാൻ കോർപ്പറേറ്റ് കമ്പനികൾക്ക് സാധിച്ചെന്നും വരുമാനത്തിൽ നേട്ടമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഒന്നാം തരംഗത്തിൽ വൻ പ്രതിസന്ധിയിലായിട്ടും രണ്ടാം തരംഗത്തിൽ മുന്നേറാനായത് കമ്പനികൾക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona