പൊതുമേഖലാ സ്ഥാപനമായ പവൻ ഹൻസ് സ്വകാര്യവത്കരിക്കുന്നു: അന്തിമ തീരുമാനം ഈയാഴ്ച
കേന്ദ്രസർക്കാർ നൽകുന്ന അതേ വിലയ്ക്ക് ലേലം വിജയിക്കുന്ന സ്വകാര്യ കമ്പനിക്ക് തങ്ങളുടെ ഓഹരികളും വിൽക്കുമെന്നാണ് ഒഎൻജിസിയും പ്രഖ്യാപിച്ചിരിക്കുന്നത്.
ദില്ലി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ, ഹെലികോപ്റ്റർ സേവന ദാതാവ് പവൻ ഹൻസ് ലിമിറ്റഡിന്റെ സ്വകാര്യവത്കരണത്തിൽ കേന്ദ്രസർക്കാർ ഈയാഴ്ച തീരുമാനമെടുക്കും. ജെഎസ്ഡബ്ല്യു സ്റ്റീൽ, ജിന്റൽ സ്റ്റീൽ ആന്റ് പവർ ലിമിറ്റഡ് തുടങ്ങിയ കമ്പനികൾ ഇതിൽ ബിഡ് സമർപ്പിച്ചതായാണ് വിവരം. നാളെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തിൽ ഒരു സംഘം ഉദ്യോഗസ്ഥർ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ മികച്ച ബിഡ് തെരഞ്ഞെടുക്കും. മന്ത്രിസഭാ സമിതിയുടെ അംഗീകാരത്തോടെ ഇക്കാര്യത്തിൽ പ്രഖ്യാപനം പിന്നീടുണ്ടാകും.
2023 മാർച്ചോടെ നിരവധി കമ്പനികളിൽ ചെറുനിക്ഷേപമടക്കം വിറ്റഴിച്ച് 650 ബില്യൺ ഡോളർ സമാഹരിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. പവൻ ഹാൻസ് നിരന്തരം നഷ്ടം നേരിടുന്ന കമ്പനിയാണ്. ഇതിൽ 51 ശതമാനം ഓഹരി കേന്ദ്രസർക്കാരിനും 49 ശതമാനം ഓഹരി ഒഎൻജിസിക്കുമാണ്. കേന്ദ്രസർക്കാർ നൽകുന്ന അതേ വിലയ്ക്ക് ലേലം വിജയിക്കുന്ന സ്വകാര്യ കമ്പനിക്ക് തങ്ങളുടെ ഓഹരികളും വിൽക്കുമെന്നാണ് ഒഎൻജിസിയും പ്രഖ്യാപിച്ചിരിക്കുന്നത്.
എയർ ഇന്ത്യ സ്വകാര്യവത്കരണം യാഥാർത്ഥ്യമായതോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ അഞ്ച് കമ്പനികൾ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. ബിപിസിഎൽ, ഷിപ്പിങ് കോർപ്പറേഷൻ, ബിഇഎംഎൽ, ഐഡിബിഐ ബാങ്ക് എന്നിവ സ്വകാര്യവ്തകരിക്കും. എൽഐസി ഐപിഒയും ഈ വർഷം തന്നെ നടക്കും.