ഒയോ ജീവനക്കാർക്ക് 25 ശതമാനം വേതനം വെട്ടിക്കുറച്ചു; 3500 പേർക്ക് താത്കാലിക അവധി
ഒയോ സിഇഒ രോഹിത് കപൂർ ബുധനാഴ്ച അയച്ച ഇമെയിലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ദില്ലി: ഒയോ കമ്പനി ജീവനക്കാരുടെ വേതനത്തിൽ നിന്ന് 25 ശതമാനം വെട്ടിച്ചുരുക്കി. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള വേതനമാണ് വെട്ടിക്കുറച്ചത്. ജീവനക്കാരിൽ ചിലരോട് താത്കാലികമായി കമ്പനിയിൽ നിന്ന് വിട്ടുനിൽക്കാനോ അല്ലെങ്കിൽ നിയന്ത്രിത ആനുകൂല്യങ്ങളോടെ അവധിയിൽ പോകാനോ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് നാല് മുതൽ ആഗസ്റ്റ് അവസാനം വരെയാണ് ഇത്.
ഒയോ സിഇഒ രോഹിത് കപൂർ ബുധനാഴ്ച അയച്ച ഇമെയിലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് കമ്പനിയുടെ 3500 ഓളം ജീവനക്കാരോട് താത്കാലിക അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വേതനം വെട്ടിച്ചുരുക്കുന്നവർക്ക് ആകെ വേതനത്തിൽ 25 ശതമാനം കുറച്ച് ശേഷിച്ച തുക നൽകും. അഞ്ച് ലക്ഷത്തിൽ കൂടുതൽ നിശ്ചിത വേതനം വാങ്ങുന്നവർക്കാണ് ഈ നിലയിൽ വേതനം വെട്ടിച്ചുരുക്കുന്നത്.
അവധിയിൽ പോകുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസ്, രക്ഷിതാക്കളുടെ മെഡിക്കൽ ഇൻഷുറൻസ്, വിദ്യാർത്ഥികളുടെ സ്കൂൾ ഫീസ്, എക്സ് ഗ്രാഷ്യ പിന്തുണ എന്നിവ ലഭിക്കും.