അദാനി ഗ്രൂപ്പിൽ നിക്ഷേപമുളള വിദേശ നിക്ഷേപ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ല: എൻഎസ്ഡിഎൽ
വ്യവസായ ഗ്രൂപ്പുമായി ബന്ധപ്പെട്ട മുന്ന് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ എൻഎസ്ഡിഎൽ ലിമിറ്റഡ് മരവിപ്പിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് ഓഹരികളിൽ തകർച്ച നേരിട്ടത്.
ദില്ലി: അദാനി ഗ്രൂപ്പിൻ്റെ കമ്പനികളിൽ നിക്ഷേപമുള്ള മൂന്ന് വിദേശ കമ്പനികളുടെ അക്കൗണ്ട് മരവിപ്പിച്ചെന്ന റിപ്പോർട്ടുകളിൽ വിശദീകരണവുമായി നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ). കമ്പനികളുടെ ഡീമാറ്റ് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നും ഇത് നിലവിൽ പ്രവർത്തിക്കുന്നതായും എൻഎസ്ഡിഎൽ വൈസ് പ്രസിഡൻ്റ് രാകേഷ് മേത്താ അറിയിച്ചു. അദാനി ഗ്രൂപ്പ് അയച്ച ഇമെയിലിന് മറുപടിയിട്ടാണ് വിശദീകരണം. മൂന്ന് കമ്പനികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിൻ്റെ ഓഹരി 25 ശതമാനം ഇടിഞ്ഞിരുന്നു.
വ്യവസായ ഗ്രൂപ്പുമായി ബന്ധപ്പെട്ട മുന്ന് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ എൻഎസ്ഡിഎൽ ലിമിറ്റഡ് മരവിപ്പിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് ഓഹരികളിൽ തകർച്ച നേരിട്ടത്. മൗറീഷ്യസ് ആസ്ഥാനമായുള്ള വിദേശനിക്ഷേപ കമ്പനികളുടെ അക്കൗണ്ടുകളാണ് എൻഎസ്ഡിഎൽ മരവിപ്പിച്ചതായാണ് റിപ്പോർട്ട് വന്നത്.
വിദേശ അക്കൗണ്ടുകൾ എൻഎസ്ഡിഎൽ മരവിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (എപിഎസ്ഇസഡ്) നേരത്തെ വാർത്തക്കുറിപ്പിൽ അറിയിച്ചിരുന്നു. നിക്ഷേപ സമൂഹത്തെ മന:പ്പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതിനാണ് ഇത് ചെയ്തത്. ആരോപണം നിക്ഷേപകരുടെ സാമ്പത്തിക മൂല്യത്തിനും സൽപ്പേരിനും നികത്താനാകാത്ത നഷ്ടം ഉണ്ടാക്കിയെന്നു കമ്പനി സെക്രട്ടറി കമലേഷ് ഭാഗിയ മാധ്യമങ്ങളെ അറിയിച്ചു. ആരോപണം ഉണ്ടായ പശ്ചാത്തലത്തിൽ പ്രസ്തുത അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നു റജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റിൽനിന്ന് ഔദ്യോഗിക സ്ഥിരീകരണം വാങ്ങിയിട്ടുണ്ടെന്ന് വൈകിട്ടോടെ കമ്പനി അവകാശപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് രാത്രിയോടെ എൻഎസ്ഡിഎൽ ഔദ്യോഗിക വിശദീകരണവുമായി രംഗത്ത് എത്തിയത്. അക്കൗണ്ടുകൾ സജീവമാണെന്ന പ്രമുഖ മാധ്യമമായ സിഎൻബിസി ടിവി 18 നും റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 14 ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ആദ്യ മണിക്കൂറിലെ വ്യാപാരത്തിൽ കുതിച്ചുയർന്നിരുന്നു, എൻഎസ്ഡിഎൽ ഗ്രൂപ്പ് കമ്പനികളിൽ നാലെണ്ണത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് വിദേശ ഫണ്ടുകളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന റിപ്പോർട്ടിന്റെ വന്നതിന് പിന്നാലെ 25 ശതമാനം ഓഹരി മൂല്യം ഇടിഞ്ഞു.
വ്യക്തിഗത ഓഹരികളിൽ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസ് 25 ശതമാനം ഇടിഞ്ഞ് 1,201 രൂപയായി. അദാനി പോർട്സ് (18 ശതമാനം ഇടിഞ്ഞ് 681 രൂപയായി). നിലവിലെ കലണ്ടർ വർഷത്തിൽ ഇതുവരെ അദാനി എന്റർപ്രൈസ് മൂന്നിരട്ടിയായി വളർച്ചായാണ് കൈവരിച്ചത്. അദാനി പോർട്സും അദാനി ടോട്ടൽ ഗ്യാസും യഥാക്രമം 100 ശതമാനവും നാലിരട്ടിയും വളർച്ച കൈവരിച്ച കമ്പനികളാണ്.