ഫീനിക്സ് പക്ഷിയെ പോലെ നോക്കിയ; വിപണിയിൽ വൻ കുതിപ്പ്, അമ്പരന്ന് എതിരാളികൾ
നോക്കിയ 1.4, ജി, സി സീരീസുകളാണ് ഈ മടങ്ങിവരവിനെ മുന്നിൽ നിന്ന് നയിച്ച ഉൽപ്പന്നങ്ങൾ.
ദില്ലി: മൊബൈൽ ഫോൺ വിപണിയിൽ വമ്പൻ തിരിച്ചുവരവ് നടത്തി നോക്കിയ കമ്പനി. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 12.8 ദശലക്ഷം ഫോണുകളാണ് കമ്പനി വിറ്റതെന്നാണ് ഏറ്റവും പുതിയ കണക്ക്. ഒന്നാം പാദവാർഷികത്തെ അപേക്ഷിച്ച് 36 ശതമാനമാണ് വർധന.
നോക്കിയ 1.4, ജി, സി സീരീസുകളാണ് ഈ മടങ്ങിവരവിനെ മുന്നിൽ നിന്ന് നയിച്ച ഉൽപ്പന്നങ്ങൾ. രണ്ടാം പാദവാർഷികത്തിൽ ഇതോടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഫീച്ചർ ഫോൺ നിർമ്മാതാക്കളെന്ന പദവി നോക്കിയ നിലനിർത്തി. നിലവിൽ ഫീച്ചർ ഫോൺ വിപണിയുടെ 18 ശതമാനവും നോക്കിയ കമ്പനിയുടേതാണ്.
എന്നാൽ വിറ്റ ഫീച്ചർ ഫോണുകളുടെ എണ്ണം തൊട്ടുമുൻപത്തെ പാദവാർഷികത്തെ അപേക്ഷിച്ച് എട്ട് ശതമാനം കുറഞ്ഞിട്ടുണ്ട്. 10.1 ദശലക്ഷം ഫീച്ചർ ഫോണാണ് വിറ്റത്. ആഗോള സ്മാർട്ട്ഫോൺ ഷിപ്പ്മെന്റിൽ ഏഴ് ശതമാനം ഇടിവാണ് 2021 ലെ രണ്ടാം
പാദത്തിൽ ഉണ്ടായത്. മൊബൈൽ നിർമ്മാണ ഘടകങ്ങളുടെ ലഭ്യതക്കുറവിലേക്ക് കൊവിഡ് സാഹചര്യങ്ങൾ നയിച്ചതാണ് ഇതിന് കാരണമായി പറയുന്നത്. ഏഷ്യയിലെയും യൂറോപ്പിലെയും സാഹചര്യമാണ് ഇതിന് കൂടുതൽ കാരണമായത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona