ആമസോണിനെയും വാൾമാർട്ടിനെയും പിന്നിലാക്കാൻ അംബാനി പദ്ധതിയിടുന്നു; ജിയോയുടെ ഐപിഒ സത്യമോ കള്ളമോ?
ഇന്ത്യയ്ക്ക് പുറത്ത് ലിസ്റ്റ് ചെയ്യുന്നതിലൂടെ ആര്‍ഐഎല്ലിന്റെ ഡിജിറ്റല്‍ ബിസിനസ് വിഭാഗമായ ജിയോയുടെ മൂല്യം വര്‍ധിപ്പിക്കാനാകുമെന്നാണ് അംബാനിയുടെ വിശ്വാസം.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ത്യയ്ക്ക് പുറത്ത് ജിയോയുടെ ഐപിഒ (പ്രാഥമിക ഓഹരി വില്‍പ്പന) നടത്തുമോ? ദേശീയ ധനകാര്യ കേന്ദ്രങ്ങളിലും മാധ്യമങ്ങളിലും ഇപ്പോഴത്തെ ഏറ്റവും വലിയ ചര്‍ച്ചകളില്‍ ഒന്ന് ഇതാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ചില സത്യങ്ങളുണ്ടെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലെ (ആര്‍ഐഎല്‍) ചില ഉന്നതര്‍ നല്‍കുന്ന സൂചന. ജിയോയുടെ ഇന്ത്യയ്ക്ക് പുറത്തെ ഐപിഒയ്ക്കായുളള നടപടികളെക്കുറിച്ച് റിലയന്‍സ് ചില ബാങ്കിങ് സ്ഥാപനങ്ങളുമായി ചർച്ച നടത്തിയതായാണ് പ്രമുഖ ദേശീയ മാധ്യമങ്ങളായ എന്‍ഡിടിവിയും ബിസിനസ് സ്റ്റാന്‍ഡേര്‍ഡും റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ ഫേസ്ബുക്ക് അടക്കമുളള ബിസിനസ് ഗ്രൂപ്പുകളില്‍ നിന്ന് ജിയോയിലേക്ക് ആര്‍ഐഎല്‍ നിക്ഷേപം നേടിയെടുത്തിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് ജിയോയിലേക്ക് 10 ബില്യണ്‍ ഡോളറാണ് നിക്ഷേപമായി എത്തിയത്. ഇന്ത്യയ്ക്ക് പുറത്ത് പ്രാഥമിക ഓഹരി വില്‍പ്പന എവിടെ നടത്തണം എന്നതിനെ സംബന്ധിച്ച് ആര്‍ഐഎല്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. അടുത്ത 12 മുതല്‍ 24 മാസത്തിനകത്ത് റിലയന്‍സ് ജിയോയുടെ ഐപിഒ നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇത് സംബന്ധിച്ച് സ്വകാര്യ ചര്‍ച്ചകളാണ് നടന്നുവരുന്നത്. എത്ര ശതമാനം ഓഹരികള്‍ ഐപിഒയ്ക്കായി മാറ്റിവയ്ക്കും എന്നതിലും ആര്‍ഐഎല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
എന്നാല്‍, ഐപിഒ എന്ന നടപടി തീര്‍ച്ചയായും ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. കെകെആര്‍ ആണ് അവസാനമായി ജിയോയില്‍ നിക്ഷേപം നടത്തുമെന്ന് വ്യക്തമാക്കിയ കമ്പനി. ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക് പാര്‍ട്ട്‌നേഴ്‌സ്, ജനറല്‍ അറ്റ്‌ലാന്‍ഡിക് തുടങ്ങിയവരും ജിയോയില്‍ നിക്ഷേപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ലക്ഷ്യം വിപണി വലുതാക്കുക
ഇന്ത്യയ്ക്ക് പുറത്ത് ലിസ്റ്റ് ചെയ്യുന്നതിലൂടെ ആര്‍ഐഎല്ലിന്റെ ഡിജിറ്റല്‍ ബിസിനസ് വിഭാഗമായ ജിയോയുടെ മൂല്യം വര്‍ധിപ്പിക്കാനാകുമെന്നാണ് അംബാനിയുടെ വിശ്വാസം. കൂടുതല്‍ നിക്ഷേപം കമ്പനിയിലേക്ക് എത്തിക്കാനും ബിസിനസ് വിപുലീകരണത്തിനും ജിയോയെ ഇന്ത്യയ്ക്ക് പുറത്തെ ലിസ്റ്റിങ് സഹായിക്കും എന്ന് ഏതാണ്ട് ഉറപ്പാണ്.
റിലയന്‍സിന്റെ ഡിജിറ്റല്‍ ആസ്തികളെയും അവരുടെ വയര്‍ലെസ് ക്യാരറായ റിലയന്‍സ് ഇന്‍ഫോകോം ലിമിറ്റഡിനെയും ജിയോ പ്ലാറ്റ്‌ഫോംസിനോട് കൂട്ടിയോജിപ്പിച്ച് ഇന്ത്യന്‍ വിപണിയില്‍ എതിരാളികളില്ലാത്ത ശക്തിയായി വളരാനാണ് ആര്‍ഐഎല്‍ പദ്ധതിയിടുന്നത്. ഇ- കൊമേഴ്‌സ്, പേമെന്റ് ഓപ്പറേറ്റര്‍ എന്നീ നിലകളില്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ സജീവമാകാനാണ് ആര്‍ഐഎല്‍ ആലോചന.
ഇന്ത്യയുടെ വൻ ഉപഭോക്തൃ വിപണിയിലേക്കുള്ള ജിയോയുടെ പ്രവേശനത്തെക്കുറിച്ചും രാജ്യത്തെ പരമ്പരാഗത വ്യവസായങ്ങളെ - ചില്ലറ വിൽപ്പന മുതൽ വിദ്യാഭ്യാസം, പേയ്‌മെന്റുകൾ വരെ - ജിയോയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് മുന്നേറാനുളള സാധ്യതയെക്കുറിച്ചും ചർച്ചകൾ നടക്കുകയാണ്. വിദേശ സാങ്കേതിക ഭീമന്മാരായ ആമസോൺ.കോം, വാൾമാർട്ട് ഇങ്ക്, ഗൂഗിളിന്റെ പാരന്റ് ആൽഫബെറ്റ് ഇങ്ക് എന്നിവർ വിപണി വിഹിതത്തിനായി പരസ്പരം മത്സരിക്കുന്നു ഒരേയൊരു പ്രധാന ഇന്റർനെറ്റ് മാർക്കറ്റ് ഇന്ത്യയാണ്. ഇതേ മാർക്കറ്റാണ് അംബാനിയുടെയും ലക്ഷ്യം.
2016 ൽ ആരംഭിച്ച റിലയൻസ് ജിയോ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ വയർലെസ് ക്യാര്യറാണ്. രാജ്യവ്യാപകമായി കുറഞ്ഞകാലം കൊണ്ട് 4 ജി നെറ്റ്‌വർക്ക് നിർമ്മിച്ച് ഓപ്പറേറ്റർ, മറ്റ് എതിരാളികളെ പിന്നിലാക്കി. ആദ്യകാലത്ത് സൗജന്യ നിരക്കിൽ ഫോൺ കോളും ഡാറ്റ സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്തു. പിന്നീട് നിരക്കുകൾ ഉയർത്തിയെങ്കിലും ഉപഭോക്താക്കളെ നഷ്ടപ്പെടാതെ കൂടെ നിർത്താൻ റിലയൻസ് ജിയോയ്ക്കായി. എല്ലാവരും കാത്തിരിക്കുന്നു റിലയൻസ് ജിയോയുടെ ആ വലിയ ഐപിഒ !