അംബാനിയും അദാനിയും നേൽക്കുനേർ വരുന്നു; വിപണിയിൽ ഉദ്വേഗം നിറയുന്നു, ആര് വാഴും?
അടുത്ത ഒൻപത് വർഷത്തിനുള്ളിൽ രാജ്യത്ത് 100 ഗിഗാവാട്ട് സൗരോർജ്ജം ഉൽപ്പാദിപ്പിക്കാൻ ശേഷി കൈവരിക്കുമെന്നാണ് അംബാനിയുടെ പ്രഖ്യാപനം.
മുംബൈ: രാജ്യത്തെ ഒന്നാം നിരയിലെ ധനികർ തമ്മിൽ നേർക്കുനേർ പോരാട്ടത്തിലേക്ക്. മുകേഷ് അംബാനി പത്ത് ബില്യൺ ഡോളർ നിക്ഷേപവുമായി സൗരോർജ്ജ രംഗത്തേക്ക് കടക്കുന്നതാണ് ഗൗതം അദാനിയുമായുള്ള നേർക്കുനേർ പോരാട്ടത്തിന് വഴിയൊരുക്കിയിരിക്കുന്നത്. മേഖലയിലെ കടുത്ത മത്സരം സോളാർ നിരക്കുകൾ താഴാൻ കാരണമാകുമെന്നാണ് കരുതുന്നത്.
പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതിയായ ഗ്രീൻ എനർജിയിലേക്കാണ് അംബാനിയുടെയും കടന്നുവരവ്. 2030 ഓടെ ഹരിതോർജ്ജം 450 ഗിഗാവാട്ടായി ഉയർത്തുകയാണ് ലോകത്തിൽ ജനസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന രാജ്യത്തിന്റെ ലക്ഷ്യം.
പെട്രോകെമിക്കൽ, ടെക്സ്റ്റൈൽ, ടെലികോം, റീടെയ്ൽ മേഖലകളിലാണ് നിലവിൽ അംബാനി പ്രവർത്തിക്കുന്നത്. വൈദ്യുതോൽപ്പാദനം, ട്രാൻസ്മിഷൻ, വിതരണം, തുറമുഖം, വ്യോമയാന മേഖലകളിലാണ് അദാനിയുടെ പ്രവർത്തനം.
അടുത്ത ഒൻപത് വർഷത്തിനുള്ളിൽ രാജ്യത്ത് 100 ഗിഗാവാട്ട് സൗരോർജ്ജം ഉൽപ്പാദിപ്പിക്കാൻ ശേഷി കൈവരിക്കുമെന്നാണ് അംബാനിയുടെ പ്രഖ്യാപനം. അദ്ദേഹത്തിന്റെ ഗ്രൂപ്പ് ഇതിനായി 10 ബില്യൺ ഡോളർ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇതിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കായി ചെലവഴിക്കുമെന്നും അംബാനി പ്രഖ്യാപിച്ചു കഴിഞ്ഞു.
അംബാനിയുടെ പ്രഖ്യാപനത്തിന് മൂന്ന് ദിവസത്തിന് ശേഷം അദാനിയും തങ്ങളുടെ പ്രഖ്യാപനം നടത്തി. അടുത്ത ദശാബ്ദത്തിൽ ഓരോ വർഷവും അഞ്ച് ഗിഗാവാട്ട് വീതം ഉൽപ്പാദനം വർധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. നിലവിൽ 3.5 ഗിഗാവാട്ട് വൈദ്യുതിയാണ് ഇദ്ദേഹത്തിന്റെ കമ്പനികൾ ഉൽപ്പാദിപ്പിക്കുന്നത്.
ഇന്ത്യയുടെ അഭിമാനകരമായ ഹരിതോർജ്ജ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ കൂടുതൽ കമ്പനികൾ പങ്കാളികളാകുന്നത് ഗുണമേ ചെയ്യൂവെന്നാണ് വിലയിരുത്തൽ. എന്നാൽ, പദ്ധതികളുടെ നിർമ്മാണ ടെണ്ടർ കൈവരിക്കുന്നതിനായി കമ്പനികൾ തമ്മിൽ മത്സരം കടുക്കുമ്പോൾ താരിഫ് കുറയുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ അംബാനിയും അദാനിയും ഏറ്റുമുട്ടുമ്പോൾ ഉപഭോക്താവിന് കുറഞ്ഞ കാലത്തേക്കെങ്കിലും നേട്ടമാകുമെന്ന് ഉറപ്പ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona