ബിസിനസ് വളർത്താൻ മിന്ത ഇന്റസ്ട്രീസ്; 250 കോടി നിക്ഷേപിക്കാൻ നീക്കം
2022 മാർച്ചോടെ ഈ പ്ലാന്റ് പ്രവർത്തനം ആരംഭിക്കും.
ദില്ലി: യുഎൻഒ മിന്ത ഗ്രൂപ്പിന്റെ സ്ഥാപനമായ മിന്ത ഇന്റസ്ട്രീസ് ബിസിനസ് വളർത്താൻ ഉദ്ദേശിക്കുന്നു. 250 കോടി രൂപ ഇതിന് വേണ്ടി നിക്ഷേപിക്കും. തങ്ങളുടെ ഫോർ വീൽ ലൈറ്റിങ്, അലോയ് വീൽ ബിസിനസ് വളർത്താനാണ് ആലോചന. വർധിച്ചുവരുന്ന ഡിമാന്റ് പരിഗണിച്ച് നിലവിലെ യൂണിറ്റുകളിലെ പ്രവർത്തനം വർധിപ്പിക്കുകയാണ് ലക്ഷ്യം.
ഓട്ടോമോട്ടീവ് കോംപണന്റ്സ് നിർമ്മിക്കുന്ന കമ്പനിയാണിത്. ബിസിനസ് വളർത്തുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ ഭഗപുരയിൽ 90 കോടിയുടെ നിക്ഷേപം നടത്തും. ഫോർ വീലർ ഓട്ടോമോട്ടീവ് ലൈറ്റിങിന് നിലവിൽ ഉണ്ടായിരിക്കുന്ന ഡിമാന്റ് വർധന പരിഗണിച്ചാണ് ഈ നീക്കമെന്ന് മിന്ത ഇന്റസ്ട്രീസ് ലിമിറ്റഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
2022 മാർച്ചോടെ ഈ പ്ലാന്റ് പ്രവർത്തനം ആരംഭിക്കും. അടുത്ത രണ്ട് പാദവാർഷികങ്ങളിൽ പ്ലാന്റ് പൂർണതോതിൽ പ്രവർത്തിക്കാൻ തുടങ്ങും. നിലവിൽ പുണെ, ചെന്നൈ, മനേസർ എന്നിവിടങ്ങളിലാണ് കമ്പനിക്ക് പ്ലാന്റുകളുള്ളത്. അതിൽ തന്നെ പൂർണ തോതിൽ ഉൽപ്പാദനം നടക്കുന്നില്ല.