നുവാൻസ് കമ്യൂണിക്കേഷനെ മൈക്രോസോഫ്റ്റ് വാങ്ങുന്നു
നുവാൻസിന്റെ ഒരു ഓഹരിക്ക് 56 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നതെന്ന് ഇടപാടുമായി ബന്ധമുള്ള ഒരു വ്യക്തി ബ്ലൂംബെർഗിനോട് വ്യക്തമാക്കി.
ന്യൂയോർക്ക്: മൈക്രോസോഫ്റ്റ് കോർപറേഷൻ ആർട്ടിഫിഷൽ ഇന്റലിജൻസ് ആന്റ് സ്പീച് ടെക്നോളജി കമ്പനിയായ നുവാൻസ് കമ്യൂണിക്കേഷൻ ഇൻകോർപറേറ്റഡിനെ വാങ്ങുന്നു. 16 ബില്യൺ ഡോളറിന്റെ ഇടപാടുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ഈയാഴ്ച തന്നെ കരാറിന്റെ വിവരങ്ങൾ പുറത്തുവിട്ടേക്കും.
നുവാൻസിന്റെ ഒരു ഓഹരിക്ക് 56 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നതെന്ന് ഇടപാടുമായി ബന്ധമുള്ള ഒരു വ്യക്തി ബ്ലൂംബെർഗിനോട് വ്യക്തമാക്കി. മൈക്രോസോഫ്റ്റ് കമ്പനിയും മസാചുസെറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നുവാൻസും തമ്മിലെ ഇടപാട് ടെക്നോളജി രംഗത്ത് മൈക്രോസോഫ്റ്റിന്റെ കുതിപ്പിന്റെ വേഗം കൂട്ടും.
അതേസമയം ഇരു കമ്പനികളും തമ്മിലെ ചർച്ചകൾ എപ്പോൾ വേണമെങ്കിലും പരാജയപ്പെടാമെന്ന നിലയിലുമാണ്. അതുകൊണ്ട് കരാറിലെ കൂടുതൽ കാര്യങ്ങൾ പുറത്തുവന്നിട്ടില്ല. ഇരു കമ്പനികളുടെയും പ്രതിനിധികൾ റോയിറ്റേഴ്സിനോട് പ്രതികരിക്കുകയും ചെയ്തില്ല.