തുടർച്ചയായ വിലവർധനവുമായി ഈ വാഹന കമ്പനി; ഈ മാസം എല്ലാ മോഡലുകൾക്കും വിലകൂടും
നിർമാണ ചെലവ് ഉയരുന്നത് കാരണം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പല തവണ മാരുതി സുസുക്കി വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു.
മുംബൈ : രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി വാഹനങ്ങൾക്ക് വീണ്ടും വില വർധിപ്പിക്കാൻ ഒരുങ്ങുന്നു. ഈ മാസം എല്ലാ മോഡൽ വാഹനങ്ങളുടെയും വില വർധിപ്പിക്കുമെന്ന് മാരുതി സുസുക്കി അറിയിച്ചു. രാജ്യത്ത് മാരുതി സുസുക്കിയുടെ നിർമാണ ചെലവ് വർധിച്ച സാഹചര്യത്തിലാണ് വില വർധനവ് ഉണ്ടാകുന്നത്. നിർമാണ ചിലവ് ഉയരുന്നത് കാരണം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പല തവണ മാരുതി സുസുക്കി വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു.
നിർമാണ ചെലവ് അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ വില വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. നിർമാണത്തിൽ ഉണ്ടാകുന്ന അധിക ചിലവുകൾ തീർക്കുന്ന ആഘാതം ഉപഭോക്താക്കളിലേക്കും നൽകേണ്ടി വരുന്നത് അത്യന്താപേക്ഷിതമാണ് എന്ന് കമ്പനി ചൂണ്ടികാണിക്കുന്നു. എത്രത്തോളം വില വർധിക്കുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല അതേസമയം വിവിധ മോഡലുകൾക്ക് വർധന വ്യത്യസ്തമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
നിർമാണ ചെലവുകളിൽ നിരന്തരമായ വർധനവ് കാരണം 2021 ജനുവരി മുതൽ 2022 മാർച്ച് വരെ മാരുതി സുസുക്കി 8.8 ശതമാനം വരെ വില വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി സ്റ്റീൽ, അലുമിനിയം, ചെമ്പ്, പ്ലാസ്റ്റിക്, വിലയേറിയ ലോഹങ്ങൾ തുടങ്ങിയ അവശ്യസാധനങ്ങളുടെ വില വർധിച്ചതാണ് വില വർധിപ്പിക്കാൻ നിർബന്ധിതരായതെന്ന് മാരുതി സുസുക്കി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. മാരുതിയുടെ ആൾട്ടോ മുതൽ എസ്-ക്രോസ് വരെയുള്ള നിരവധി മോഡലുകൾക്കാണ് കമ്പനി വില വർധിപ്പിക്കുന്നത്. കോവിഡ് -19 തീർത്ത പ്രതിസന്ധിക്ക് ശേഷം രാജ്യത്തെ യാത്രാ വാഹനങ്ങളുടെ ആവശ്യം വീണ്ടും ഉയർന്നുവെങ്കിലും, ഉൽപ്പാദനവും വിതരണവും വാഹന നിർമ്മാതാക്കൾക്ക് വലിയ ആശങ്കയാണ്.