മാരുതി സുസുക്കി ഗുജറാത്ത് പ്ലാന്റ് തുറന്നു; കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് റിപ്പോർട്ട് സമർപ്പിച്ചു
കരാർ അടിസ്ഥാനത്തിലാണ് മാരുതി സുസുക്കിക്കായി സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ് കാറുകൾ നിർമ്മിക്കുന്നത്.
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഗുജറാത്ത് പ്ലാന്റിൽ ഉത്പാദനം പുനരാരംഭിച്ചു. കോവിഡ് -19 ന്റെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിലാണ് സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി കമ്പനി പ്ലാന്റിന്റെ പ്രവർത്തനം വീണ്ടും തുടങ്ങുന്നത്.
സർക്കാർ ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിച്ച് കമ്പനിയുടെ നിരീക്ഷണത്തിൽ 2020 മെയ് 25 മുതൽ വാഹനങ്ങളുടെ ഉത്പാദനം പുനരാരംഭിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനെ (എംഎസ്‌ഐഎൽ) സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ് (എസ്എംജി) അറിയിച്ചു. കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുളളത്.
കരാർ അടിസ്ഥാനത്തിലാണ് മാരുതി സുസുക്കിക്കായി സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ് കാറുകൾ നിർമ്മിക്കുന്നത്.
ജീവിതവും ഉപജീവനവും സന്തുലിതമാക്കുന്നതിന് സാമ്പത്തിക പ്രവർത്തനങ്ങൾ ക്രമേണ പുനരാരംഭിക്കാൻ അനുവദിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ തുടർന്നാണ് ഗുജറാത്ത് പ്ലാന്റ് വീണ്ടും തുറക്കുന്നത്.
നേരത്തെ മാരുതി സുസുക്കി മെയ് 12 ന് മനേസർ പ്ലാന്റിലും ഗുരുഗ്രാം പ്ലാന്റിലും ഉൽപാദനം പുനരാരംഭിച്ചിരുന്നു.