മാരുതി സുസുകി ഉൽപ്പാദനം നിർത്തിവെച്ചത് മെയ് 16 വരെ നീട്ടി, പ്ലാന്റുകൾ തുറക്കില്ല
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂണിൽ നടത്തേണ്ടിയിരുന്ന അറ്റകുറ്റപ്പണികൾ മെയ് മാസത്തിലേക്ക് കമ്പനി മാറ്റിയിട്ടുണ്ട്.
ദില്ലി: കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്ലാന്റുകൾ അടച്ച മാരുതി സുസുകി, ഇവ മെയ് 16 വരെ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. മെയ് ഒന്ന് മുതൽ ഒൻപത് വരെ അടച്ചിടാനായിരുന്നു കമ്പനിയുടെ നേരത്തെയുള്ള തീരുമാനം. ഇത് പ്രകാരം നാളെ പ്രവർത്തനം പുനരാരംഭിക്കേണ്ടതാണ്. എന്നാൽ, അടുത്ത തിങ്കളാഴ്ച തുറന്നാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂണിൽ നടത്തേണ്ടിയിരുന്ന അറ്റകുറ്റപ്പണികൾ മെയ് മാസത്തിലേക്ക് കമ്പനി മാറ്റിയിട്ടുണ്ട്. മാരുതി സുസുകി ഈ നിലപാടെടുത്ത സാഹചര്യത്തിൽ ഗുജറാത്തിലെ മാരുതി സുസുകി പ്ലാന്റും മെയ് 16 വരെ തുറക്കില്ല.
വാഹന ഉൽപ്പാദനത്തിന് വൻതോതിൽ പല പ്രവർത്തനങ്ങൾക്കും ഓക്സിജൻ ആവശ്യമാണ്. കൊവിഡ് വ്യാപിക്കുകയും ഓക്സിജൻ ദൗർലഭ്യം നേരിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കമ്പനി പ്ലാന്റുകൾ അടയ്ക്കാൻ തീരുമാനിച്ചത്. ഈ തീരുമാനത്തെ വലിയ കൈയ്യടിയോടെയാണ് ഇന്ത്യാക്കാർ സ്വീകരിച്ചത്. എന്നാൽ, ഓക്സിജൻ ക്ഷാമം ഇപ്പോഴും രാജ്യത്ത് പൂർണതോതിൽ മാറിയിട്ടില്ല. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയുമാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് മാരുതി സുസുകി പ്ലാന്റുകൾ തുറക്കേണ്ടെന്ന നിലപാടിലെത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona