ചെന്നൈയിൽ ഷോപ്പിങ് മാൾ, കോയമ്പത്തൂരിൽ ഹൈപ്പർ മാർക്കറ്റ്: ലുലു തമിഴ്‌നാട്ടിലേക്ക്

ചെന്നൈയിൽ 2024 ഓടെ ആദ്യത്തെ ഷോപ്പിങ് മാൾ തുറക്കും.  

lulu group to tamilnadu

ചെന്നൈ: യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് (lulu Group) തമിഴ്‌നാട്ടിലും വമ്പൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. 3500 കോടി രൂപയാണ്  നിക്ഷേപിക്കുന്നത്. ഷോപ്പിങ് മാൾ, ഹൈപ്പർ മാർക്കറ്റ്, ഫുഡ് ലോജിസ്റ്റിക്സ് പാർക്ക് എന്നിവ തുറക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ലുലു ഗ്രൂപ്പിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ എം അഷ്റഫ് അലിയും തമിഴ്നാട് സർക്കാരിന്റെ ഇന്റസ്ട്രിയൽ ഗൈഡൻസ് ആന്റ് എക്സ്പോർട്ട് പ്രമോഷൻ ബ്യൂറോ എംഡിയും സിഇഒയുമായ പൂജാ കുൽക്കർണിയും ഒപ്പുവെച്ചു.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും വ്യവസായ വകുപ്പ് മന്ത്രി തങ്കം തേനരസ്, ലുലു ഗ്രൂപ്പ് എംഎ യൂസഫ് അലി എന്നിവരും അബു ദാബി ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികളും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചെന്നൈയിൽ 2024 ഓടെ ആദ്യത്തെ ഷോപ്പിങ് മാൾ തുറക്കും.  കോയമ്പത്തൂരിലെ ലക്ഷ്മി മിൽസ് കോംപൗണ്ടിൽ ഈ വർഷം തന്നെ ആദ്യത്തെ ഹൈപ്പർമാർക്കറ്റ് തുറക്കും. കാർഷികോൽപ്പന്നങ്ങളുടെ വിദേശ  കയറ്റുമതി ലക്ഷ്യമിട്ടുള്ള ഫുഡ് ലോജിസ്റ്റിക്സ് പാർക്കും തമിഴ്നാട്ടിൽ തുറക്കും.

സ്ഥലം നിശ്ചയിക്കുന്നതിന് ലുലുവിലെ ഉന്നതരുടെ സംഘം അധികം വൈകാതെ തമിഴ്നാട് സന്ദർശിക്കും. ഇന്ത്യക്ക് അകത്തും പുറത്തുമായി 225 ഹൈപ്പർമാർക്കറ്റുകൾ നിലവിൽ ലുലുവിനുണ്ട്. 57000 പേർക്ക് പ്രത്യക്ഷമായി തൊഴിൽ ലഭിക്കുന്നുണ്ട്. തമിഴ്നാട്ടിൽ ലുലു പ്രവർത്തനം  ആരംഭിച്ചാൽ 15000 പേർക്ക് നേരിട്ടും അല്ലാതെയും ജോലി ലഭിക്കും. അഹമ്മദാബാദിൽ 2000 കോടി രൂപയുടെ മാൾ തുറക്കാനുള്ള പദ്ധതി നേരത്തെ ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. യുപിയിലെ ഗ്രേറ്റർ നോയിഡയിൽ 500 കോടി രൂപയുടെ ഫുഡ് പ്രൊസസിങ് പ്ലാന്റ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios