ആഴ്ചയിലെ തൊഴിൽ ദിനം അഞ്ചാക്കി ചുരുക്കി എൽഐസിയും
രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെയാണ് പ്രവർത്തന സമയം.
ദില്ലി: ഇന്ത്യയിലെ ഇൻഷുറൻസ് കമ്പനികളിലെ തലതൊട്ടപ്പനാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. മെയ് 10 മുതൽ സുപ്രധാനമായ ഒരു തീരുമാനം നടപ്പാക്കുകയാണ് കമ്പനി. ഇനി മുതൽ ശനിയാഴ്ചകൾ തൊഴിൽ ദിനമല്ലെന്നാണ് കമ്പനിയുടെ പുതിയ തീരുമാനം.
2021 ഏപ്രിൽ 15 ന് കേന്ദ്രസർക്കാരാണ് ഇത് സംബന്ധിച്ച് നിലപാടെടുത്തത്. എൽഐസിയിലെ ജീവനക്കാർക്ക് ഞായർ ദിവസത്തിനൊപ്പം ഇനി മുതൽ ശനിയാഴ്ചയും അവധിയായിരിക്കുമെന്നായിരുന്നു വിജ്ഞാപനം. ഉപഭോക്താക്കളുടെ മേൽ പെട്ടെന്ന് അടിച്ചേൽപ്പിച്ച തീരുമാനമാകാതിരിക്കാൻ, ഇത് നടപ്പാക്കുന്ന തീയതി നീട്ടുകയായിരുന്നു.
മെയ് 10 മുതലാണ് തീരുമാനം നിലവിൽ വരുന്നത്. എൽഐസിയുടെ എല്ലാ ഓഫീസുകളും ഇനി തിങ്കൾ മുതൽ വെള്ളി വരെ മാത്രമേ പ്രവർത്തിക്കൂ. രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെയാണ് പ്രവർത്തന സമയം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona