എൽ ആന്റ് ടി ജീവനക്കാരുടെ വേതനം വർധിപ്പിക്കുന്നത് മാറ്റിവച്ചു
ജീവനക്കാരോട് കമ്പനിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ എസ്എൻ സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്.
മുംബൈ: നിർമ്മാണ മേഖലയിലെ പ്രമുഖ കമ്പനിയായ എൽ ആന്റ് ടി, ജീവനക്കാർക്കുള്ള വേതന വർധനവ് നീട്ടി. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് കമ്പനിക്ക് 12,000 കോടിയുടെ തിരിച്ചടിയുണ്ടായതോടെയാണ് ഈ തീരുമാനം.
ജീവനക്കാരോട് കമ്പനിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ എസ്എൻ സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്. മധ്യേഷ്യയിൽ നിന്നുള്ള ഓർഡറുകളിൽ സംഭവിച്ചിരിക്കുന്ന തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കമ്പനി ആഫ്രിക്കൻ പ്രൊജക്ടുകളിൽ ശ്രദ്ധയൂന്നാൻ ആഗ്രഹിക്കുന്നുണ്ട്.
എന്നാൽ, കമ്പനിയിൽ സ്ഥാനക്കയറ്റങ്ങൾ നൽകുമെന്നാണ് വിവരം. ലോക്ക് ഡൗണിന് ശേഷം ഉണ്ടാകാൻ സാധ്യതയുള്ള മാന്ദ്യം കമ്പനിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. ഹൈഡ്രോകാർബൺ വിഭാഗത്തിൽ ഇപ്പോൾ തന്നെ വെല്ലുവിളി നേരിടുന്നുണ്ട്. 2021 ലെ സാമ്പത്തിക വരുമാനത്തിൽ 25 മുതൽ 50 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കമ്പനി കരുതുന്നത്. 2019 -20 ജൂൺ മാസത്തിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ 20 ശതമാനം വരുമാനമാണ് കമ്പനി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 15 ശതമാനം മാത്രമാണ് ലഭിച്ചത്.