എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാന്റിന്റെ ചുമരുകൾ ഇനി പഴയതു പോലല്ല!
കേരളത്തിന്റെ പ്രൗഢമായ ഭൂതകാലവും ശോഭനമായ ഭാവിയും കോർത്തിണക്കുന്ന പ്രമേയമാണ് എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാന്റിന്റെ ചുമരുകളെ അലങ്കരിക്കുന്നത്. പഴങ്ങളുമായി നിൽക്കുന്ന ഒരു വൃദ്ധയും സ്കൂൾ ബാഗുമായി നിൽക്കുന്ന ഒരു പെൺകുട്ടിയുമാണ് സീറോ എന്ന ഏജൻസിയിലെ കലാകാരന്മാരൊരുക്കുന്ന ചിത്രത്തിലെ മുഖ്യപ്രമേയം
പെയിന്റടർന്നും അഴുക്കു പടർന്നും പോസ്റ്ററുകൾ നിറഞ്ഞും മുഷിഞ്ഞും നിറം മങ്ങിയുമൊക്കെയാണ് നമ്മുടെ ബസ് സ്റ്റാന്റുകളുടെ ചുമരുകളുകളും മതിലുകളുമൊക്കെ കിടക്കുന്നത്. ഈ പതിവുകാഴ്ചയിൽ നിന്നും ഒരു മാറ്റം തേടുകയാണ് എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാന്റ്. എഷ്യൻ പെയിന്റ്സും സ്റ്റാർട്ട് ഇന്ത്യ ഫൗണ്ടേഷനും ചേർന്നൊരുക്കുന്ന ഡൊണേറ്റ് എ വാൾ പദ്ധതിയുടെ ഭാഗമായാണിത്.
ഇന്ത്യയിലെ നഗരങ്ങളിലെയും പ്രധാനകേന്ദ്രങ്ങളുടെയും ചുമരുകളിൽ വലിയ മികവുറ്റ പെയിന്റിങ്ങുകൾ ഒരുക്കി കലയെ പൊതുജനമദ്ധ്യത്തിലേക്ക് ഇറക്കിക്കൊണ്ടുവരുന്ന പദ്ധതിയാണ് ഡൊണേറ്റ് എ വാൾ. കേരളത്തിൽ കാസർഗോഡ് ഒരു മത്സ്യത്തൊഴിലാളിയുടെ വീടിന്റേയും കോഴിക്കോട് കൊപ്രബസാറിന്റേയും ചുമരുകൾ ഈ പദ്ധതിയിലൂടെ ഇതിനകം നിരവധി കലാസ്വാദകരെ ആകർഷിക്കും വിധം മനോഹരമായി മാറിക്കഴിഞ്ഞു. ഈ പദ്ധതിയിലേക്ക് കേരളത്തിലെ എറ്റവും ജനത്തിരക്കേറിയ ബസ് സ്റ്റാന്റുകളിലൊന്നായ എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാന്റിന്റെ ചുമരു കൂടി നൽകിയിരിക്കുകയാണ് ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസറായ വി.എം. താജുദ്ദീൻ.
കേരളത്തിന്റെ പ്രൗഢമായ ഭൂതകാലവും ശോഭനമായ ഭാവിയും കോർത്തിണക്കുന്ന പ്രമേയമാണ് എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാന്റിന്റെ ചുമരുകളെ അലങ്കരിക്കുന്നതെന്ന് ഏഷ്യൻ പെയിന്റ്സ് അധികൃതർ പറഞ്ഞു. പഴങ്ങളുമായി നിൽക്കുന്ന ഒരു വൃദ്ധയും സ്കൂൾ ബാഗുമായി നിൽക്കുന്ന ഒരു പെൺകുട്ടിയുമാണ് സീറോ എന്ന ഏജൻസിയിലെ കലാകാരന്മാരൊരുക്കുന്ന ചിത്രത്തിലെ മുഖ്യപ്രമേയം.
പാരമ്പര്യത്തിന്റെ ജ്ഞാനവും മണ്ണിന്റെ ഫലഭൂയിഷ്ഠതയും ജനതയുടെ സംരക്ഷണവും വൃദ്ധ പ്രതിനിധാനം ചെയ്യുമ്പോൾ ദൃഢനിശ്ചയത്തോടെ ഭാവിയിലേക്കു കുതിക്കുന്ന പുതുതലമുറയെയാണ് പെൺകുട്ടി പ്രതിനിധീകരിക്കുന്നത്. കുട്ടിയുടെ സ്കൂൾ ബാഗ് അറിവിന്റെ മൂല്യത്തെ വിളിച്ചോതുന്നു. സ്ത്രീശാക്തീകരണത്തിന്റെ സന്ദേശം കൂടിയാണ് ഈ ചിത്രീകരണത്തിലൂടെ കലാകാരന്മാർ ജനങ്ങളിലേക്കെത്തിക്കാൻ ഉദ്ദേശിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തലത്തിലെ കടൽ ദൃശ്യങ്ങൾ കൊച്ചിയിലെ പ്രകൃതി എന്നതിനൊപ്പം നഗരത്തിൽ തുടർന്നുകൊണ്ടേയിരിക്കുന്ന ഊർജ്ജപ്രവാഹത്തേയും ആകാശനീലിമ നഗരത്തിന്റെ വളർച്ചാസ്വപ്നങ്ങളേയും വിളിച്ചോതുന്നു.