അങ്ങ് ചൈനയില്‍ നിന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പണം വരുന്നു; പിന്നില്‍ ഈ കോര്‍പ്പറേറ്റ് ഭീമന്‍
ആന്റ്റ് ഫിനാൻഷ്യലിന്റെ വൈസ് പ്രസിഡന്റ് ജി ഗ്യാംഗ്, ബീജിങ്ങിൽ നടന്ന ചടങ്ങിൽ തങ്ങൾ നിക്ഷേപ സമാഹരണത്തിന് ആലോചിക്കുന്നതായി പറഞ്ഞിരുന്നു. എന്നാൽ, എത്ര തുക സമാഹരിക്കാനാണ് നീക്കമെന്ന് പറഞ്ഞിരുന്നില്ല.
മുംബൈ: ചൈനയിൽ നിന്നുള്ള ആഗോള ഭീമൻ കമ്പനി അലിബാബയുടെ ഫിൻടെക് സ്ഥാപനമായ ആന്റ്റ് ഫിനാൻഷ്യൽ ഇന്ത്യയിൽ കൂടുതൽ സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകിയേക്കും. നിലവിൽ സൊമാറ്റോ, പേടിഎം തുടങ്ങിയവയെ പിന്തുണക്കുന്ന കമ്പനിയുടെ ഭാഗത്ത് നിന്ന് ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും ഉൾപ്പെടെയുള്ള വളരുന്ന വിപണികളിലെ സ്റ്റാർട്ടപ്പുകളെ സഹായിക്കാനുള്ള നീക്കമാണ് ഉണ്ടായിരിക്കുന്നത്. ഒരു ബില്യൺ ഡോളറാവും നിക്ഷേപിക്കുക.
ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൻകിട കമ്പനികൾ ചൈനയിൽ നിന്നുള്ള മികച്ച സ്റ്റാർട്ടപ്പ് ആശയങ്ങളെ പ്രോത്സാഹിപ്പിക്കാൻ വൻതോതിൽ നിക്ഷേപം നടത്തിയിരുന്നു. എന്നാൽ ഈ വിപണിയിൽ ഇപ്പോൾ തണുപ്പൻ പ്രതികരണമാണ് ഉണ്ടാകുന്നത്. മികച്ച ആശയങ്ങളുടെ കുറവാണ് ഇതിനൊരു പ്രധാന കാരണം. ഈ സാഹചര്യത്തിലാണ് ചൈനീസ് ഭീമനായ അലിബാബ തന്നെ മറ്റ് വിപണികളിലേക്ക് ചേക്കാറാൻ ഒരുങ്ങുന്നത്.
ആന്റ്റ് ഫിനാൻഷ്യലിന്റെ വൈസ് പ്രസിഡന്റ് ജി ഗ്യാംഗ്, ബീജിങ്ങിൽ നടന്ന ചടങ്ങിൽ തങ്ങൾ നിക്ഷേപ സമാഹരണത്തിന് ആലോചിക്കുന്നതായി പറഞ്ഞിരുന്നു. എന്നാൽ, എത്ര തുക സമാഹരിക്കാനാണ് നീക്കമെന്ന് പറഞ്ഞിരുന്നില്ല. എന്നാൽ കമ്പനി ഓൺലൈൻ രംഗത്ത് പ്രവർത്തിക്കുന്ന ധനകാര്യ സംരംഭങ്ങളിൽ പണം നിക്ഷേപിക്കാനാണ് ആലോചിക്കുന്നത് എന്നാണ് വിവരം.
ഇന്ത്യയിൽ 2019 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 674 ദശലക്ഷം ഡോളർ നിക്ഷേപമാണ് ഫിൻടെക് കമ്പനികളിൽ നടന്നത്. അതേസമയം ചൈനീസ് ഫിൻടെക് കമ്പനികളിൽ ഇതേ കാലത്ത് 661 ദശലക്ഷമായിരുന്നു ബിസിനസ്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം ചൈനയിൽ നിക്ഷേപിക്കാനുള്ള നിക്ഷേപകരുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് സൂചന.