ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് റെയിൽവേയ്ക്ക് കഴിഞ്ഞ വർഷം കിട്ടിയത് 560 കോടി രൂപ
പിഴയടക്കാൻ യാത്രക്കാരൻ വിസമ്മതിച്ചാൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിന് യാത്രക്കാരനെ കൈമാറും.
ദില്ലി: ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയ യാത്രക്കാരിൽ നിന്ന് ഇന്ത്യൻ റെയിൽവേയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചത് 561.73 കോടി രൂപ. 2018-19 വർഷത്തെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ വളർച്ചയാണ് ഈ വരുമാനത്തിൽ ഉണ്ടായതെന്നും ഒരു വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
റെയിൽവേയ്ക്ക് 2016 മുതൽ 2020 വരെയുള്ള കണക്കുകൾ പ്രകാരം ടിക്കറ്റിലാതെ യാത്ര ചെയ്തവരിൽ നിന്ന് ആകെ ലഭിച്ചത് 1,938 കോടി രൂപയാണ്. 2016 ൽ നിന്ന് 2020 ലേക്ക് എത്തുമ്പോൾ 38.57 ശതമാനം വളർച്ചയാണ് ഉണ്ടായതെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
2016-17 കാലത്ത് 405.30 കോടി രൂപയായിരുന്നു പിഴയായി നേടിയത്. 2017-18 സാമ്പത്തിക വർഷത്തിൽ 441.62 കോടിയായി ഈ വരുമാനം ഉയർന്നു. 2018-19 കാലത്ത് 530.06 കോടിയായിരുന്നു പിഴയായി ഈടാക്കിയത്. 2019-20 കാലത്ത് 1.10 കോടി യാത്രക്കാർ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായി കണ്ടെത്തി.
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന ഒരാളിൽ നിന്ന് ടിക്കറ്റ് ചാർജ്ജുകളോടൊപ്പം ഏറ്റവും കുറഞ്ഞത് 250 രൂപയാണ് പിഴയായി ഈടാക്കുന്നത്. പിഴയടക്കാൻ യാത്രക്കാരൻ വിസമ്മതിച്ചാൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിന് യാത്രക്കാരനെ കൈമാറും. റെയിൽവെ നിയമത്തിലെ സെക്ഷൻ 137 പ്രകാരം നടപടി സ്വീകരിക്കും.
മജിസ്ട്രേറ്റിന് ഇങ്ങനെയുള്ള യാത്രക്കാരന് മേൽ കുറഞ്ഞത് ആയിരം രൂപ പിഴ ചുമത്താം. അതിനും യാത്രക്കാരൻ തയ്യാറാവുന്നില്ലെങ്കിൽ ആറ് മാസം വരെ തടവിലിടാം.