അമേരിക്കയിൽ വൻ വളർച്ച നേടിയ ഓൺലൈൻ റീഡിങ് കമ്പനിയെ ബൈജൂസ് വാങ്ങുന്നു

ഇടപാട് യാഥാർത്ഥ്യമാവുകയാണെങ്കിൽ അമേരിക്കൻ വിപണിയിൽ നിന്ന് ബൈജൂസ് ഏറ്റെടുക്കുന്ന രണ്ടാമത്തെ കമ്പനിയാവും ഇത്. 

Indian company Byjus plan to acquire US based online reading platform Epic

ബെംഗളൂരു: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന എപിക് എന്ന ഓൺലൈൻ റീഡിങ് പ്ലാറ്റ്ഫോമിനെ ഏറ്റെടുക്കാൻ ബൈജൂസ് ആലോചിക്കുന്നതായി വാർത്ത. അമേരിക്കൻ വിപണിയിൽ അടിവെച്ചടിവെച്ച് മുന്നേറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബൈജൂസിന്റെ ഈ നീക്കം.

250 പബ്ലിഷേർസിന്റേതായി 40000ത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു പ്ലാറ്റ്ഫോമാണ് എപിക്. 12 വയസിൽ താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് ഇതിന്റെ പ്രവർത്തനം. 300 ദശലക്ഷം ഡോളറിന്റേതാണ് ഇടപാടെന്ന് ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം 20 ദശലക്ഷം കുട്ടികൾ വായനക്കാരുണ്ടായ ഇടത്ത് നിന്ന് 50 ദശലക്ഷം കുട്ടികൾ വായനക്കാരായുള്ള കമ്പനിയായി എപിക് വളർന്നു. കഴിഞ്ഞ വർഷം മാത്രം കുട്ടികൾ ഒരു ബില്യൺ പുസ്തകങ്ങളാണ് എപികിൽ നിന്ന് വായിച്ചത്.

പത്ത് ലക്ഷത്തിലേറെ അധ്യാപകരും ഈ പ്ലാറ്റ്ഫോമിനെ ആശ്രയിക്കുന്നുണ്ട്. ഇടപാട് യാഥാർത്ഥ്യമാവുകയാണെങ്കിൽ അമേരിക്കൻ വിപണിയിൽ നിന്ന് ബൈജൂസ് ഏറ്റെടുക്കുന്ന രണ്ടാമത്തെ കമ്പനിയാവും ഇത്. 2019 ലാണ് ബൈജൂസ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒസ്‌മൊ എന്ന ഗെയിമിങ് കമ്പനിയെ ഏറ്റെടുത്തത്. 120 ദശലക്ഷം ഡോളർ മൂല്യമുള്ളതായിരുന്നു ഇടപാട്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബൈജൂസ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈറ്റ് ഹാറ്റ് ജൂനിയർ എന്ന സ്ഥാപനവും ഏറ്റെടുത്തിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios